കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ടിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ടൊവിനോ കുറച്ചു ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയും സിനിമ പ്രേക്ഷകരും. തന്റെ പുതിയ ചിത്രമായ നടികര്‍ തിലകത്തിലെ ലുക്കാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ഡേവിഡ് പടിക്കല്‍ എന്ന തന്റെ കഥാപാത്രത്തെയാണ് ടൊവിനോ പരിചയപ്പെടുത്തിയിരിക്കുന്നത്.
മുടി നീട്ടി വളര്‍ത്തി താടിയും മീശയുമെല്ലാം വടിച്ച ലുക്കിലാണ് ടൊവിനോയെ ചിത്രത്തില്‍ കാണാനാവുക. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴയുമായി ആരാധകരും എത്തി. വല്ല ഇംഗ്ലീഷ് സീരിസിലും അഭിനയിച്ചൂടെ, പാവങ്ങളുടെ ബ്രാഡ് പിറ്റ് എന്നൊക്കെയാണ് കമന്റ് സെക്ഷനില്‍ നിറയുന്നത്. നടന്‍മാരായ സൗബിന്‍ ഷാഹിര്‍, ലുക്ക്മാന്‍ അവറാന്‍, ഗീതി സംഗീത തുടങ്ങിയവരും ടൊവിനോയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
തല്ലുമാല, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ചിത്രം കൂടിയാണ് നടികര്‍ തിലകം. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോയെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കിലാണ് ടൊവിനോ ചിത്രത്തിലെത്തുക. സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡ്രൈവിങ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
2018 ആയിരുന്നു ടൊവിനോയുടേതായി ഒടുവിലെത്തിയ ചിത്രം. ചിത്രത്തിലെ ടൊവിനോയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടേതായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോയെത്തുക. ഐഡന്റിറ്റി എന്ന ചിത്രവും ടൊവിനോയുടേതായി വരാനുണ്ട്.

 
                                            