മനോഹരമായ ഒരു തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എന്നാല്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാന്‍സാനിയയിലെ നട്രോണ്‍ തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി മാറ്റുന്നതില്‍ പ്രസിദ്ധമാണ്. കേട്ടിട്ട് വിചിത്രമായി തോന്നുന്നുണ്ടല്ലേ, എങ്കില്‍ സംഭവം എന്താണെന്നു പറയാം.
കിഴക്കന്‍ ആഫ്രിക്കയിലെ ടാന്‍സാനിയയുടെ വടക്കന്‍ ഭാഗത്താണ് നാട്രോണ്‍ തടാകം സ്ഥിതി ചെയ്യുന്നത്. 56 കിലോമീറ്റര്‍ നീളവും 22 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ തടാകത്തിന്. ഒരിക്കല്‍ വടക്കന്‍ ടാന്‍സാനിയയില്‍ ഒരു വിനോദയാത്രയ്ക്കിടെ ബ്രിട്ടിഷ് ഫൊട്ടോഗ്രഫര്‍ നിക്ക് ബ്രാന്‍ഡിന്റെ ക്യാമറക്കണ്ണുകള്‍ വിശ്വസിക്കാനാവാത്ത ചില ചിത്രങ്ങള്‍ പകര്‍ത്തി. കല്ലില്‍ കൊത്തിയ പക്ഷികളുടെയും വവ്വാലുകളുടെയും ചിത്രങ്ങളായിരുന്നു അത്. മമ്മിയായിത്തീര്‍ന്ന പക്ഷികളുടെ ചിത്രം കണ്ട് ഫൊട്ടോഗ്രഫറും പകച്ചുപോയി. സത്യത്തില്‍ എന്താണ് ഈ മമ്മിഫിക്കേഷന്റെ നിഗൂഢ രഹസ്യം?
നാട്രോണ്‍ തടാകം ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. തടാകത്തിലെ ജലത്തിനു വളരെയധികം ക്ഷാരഗുണമുള്ളതാണ് കാരണം. വരണ്ട പ്രദേശമായതിനാല്‍ ഇവിടെ മഴ തീരെ ലഭിക്കില്ല. ചില നദികളില്‍നിന്നും ചൂടുനീരുറവകളില്‍നിന്നും മാത്രമാണ് തടാകത്തിലേക്കു വെള്ളമെത്തുന്നത്.ജലത്തിന് കടലിലേക്കോ വലിയ നദികളിലേക്കോ ഒഴുകിപ്പോകാന്‍ ഒരു മാര്‍ഗവുമില്ല എന്നതാണ് മറ്റൊരു വസ്തുത. വളരെ ഉയര്‍ന്ന ഊഷ്മാവില്‍, വെള്ളം ബാഷ്പീകരിക്കപ്പെടുകയും ഉപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നു. അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള നാട്രകാര്‍ബണൈറ്റ് ലാവ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യനും വരെ അപകടകരമാംവിധം വിഷമയമാണ്. അങ്ങനെയാണ് തടാകത്തിന് നാട്രോണ്‍ എന്ന പേര് ലഭിച്ചത്.വേനല്‍ക്കാലത്ത് ജലത്തിന്റെ അളവ് കുറയുന്നതോടെ തടാകത്തില്‍ ചെറുദ്വീപുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
തടാകത്തിലെ വെള്ളം കുടിക്കുന്ന മൃഗങ്ങള്‍ കല്ലായി മാറുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇത് നാടോടിക്കഥയോ ഹൊറര്‍ സിനിമയുടെ തിരക്കഥയോ പോലെ തോന്നുമെങ്കിലും ഉപ്പിന്റെ സാന്നിധ്യം കാരണം ഇത് ഒരു പരിധിവരെ ശരിയാണ് എന്നു വിദഗ്ധരും അഭിപ്രായപ്പെടുന്നു. സോഡിയം കാര്‍ബണൈറ്റിന്റെ നിക്ഷേപം ഒരിക്കല്‍ ഈജിപ്ഷ്യന്‍ മമ്മിഫിക്കേഷന്‍ പ്രക്രിയയിലും ഉപയോഗിച്ചിരുന്നുവത്രേ. തടാകത്തില്‍ നിന്നുള്ള വെള്ളം ശരീരത്തിലെത്തുന്നതോടെ ജീവന്‍ നഷ്ടപ്പെടുന്ന മൃഗങ്ങള്‍ക്ക് സോഡിയം കാര്‍ബണൈറ്റ് ഒരു തരം പ്രിസര്‍വേറ്റിവായി പ്രവര്‍ത്തിക്കുന്നതോടെ ഈ ചത്ത മൃഗങ്ങളും പക്ഷികളും കല്ലുപോലെ ആയിത്തീരുന്നു. എന്നാല്‍ ശാസ്ത്രീയമായി ഇതിന് വലിയ തെളിവുകളൊന്നുമില്ല.
മനുഷ്യരെ സംബന്ധിച്ചു തടാകം കുറച്ച് അപകടം നിറഞ്ഞതുതന്നെയാണ്. ഇതില്‍ നീന്തിത്തുടിക്കാമെന്നൊന്നും കരുതണ്ട. തടാകത്തിലെ വെള്ളത്തിലടങ്ങിയിരിക്കുന്ന അമിത ക്ഷാരവും ഉയര്‍ന്ന താപനിലയും മനുഷ്യ ശരീരം കല്ലുപോലെ മരവിപ്പിച്ചുകളയാനും ഒരു മമ്മിയെപ്പോലെ ആക്കിത്തീര്‍ക്കാനും കെല്‍പ്പുള്ളതാണ്. പക്ഷിമൃഗാദികളെ കല്ലായി മാറ്റാനുള്ള കഴിവുള്ളതിനാല്‍ നട്രോണ്‍ തടാകത്തെ പെട്രിഫൈയിങ്? തടാകം എന്നും വിളിക്കാറുണ്ട്.
