ദി കിംഗിന് ശേഷം ഒരുമിച്ച് അഭിനയിച്ചില്ല ; മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് കുമാർ

മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനാണ് താന്‍ എന്നാല്‍ തന്നെ പുള്ളിക്ക് അത്ര ഇഷ്ടമല്ലെന്ന് നടനും എംഎല്‍എ യുമായ ഗണേഷ് കുമാര്‍. എന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം എനിക്ക് അറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ഒരു റോള്‍ മോഡല്‍ ആയിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അത് നടന്‍ എന്ന നിലയിലും, വ്യക്തി ആയിട്ടാണെണെങ്കിലും എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ എന്നില്‍ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തെന്ന് എനിക്ക് അറിയില്ല പക്ഷെ അതൊന്നും കുഴപ്പം ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഇരുപതു വര്‍ഷത്തിലധികമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്. ദി കിംഗ് എന്ന സിനിമ ആയിരുന്നു ഏറ്റവും ഒടുവില്‍ ചെയ്തത്. അതിന് ശേഷം ഒറ്റ സിനിമപോലും ഞങ്ങള്‍ ഒരുമിച്ചുചെയ്തിട്ടില്ല. കാരണം ഇതുവരെയും എനിക്ക് അറിയില്ല.

പിന്നെ ഞാന്‍ അവസരങ്ങള്‍ ആരോടും പോയി ചോദിച്ചിട്ടില്ല. തന്ന അവസരങ്ങള്‍ സ്വീകരിച്ചിട്ടുള്ളതല്ലാതെ ആരോടും അങ്ങോട്ട് പോയി അവസരത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. വിശുദ്ധ ഖുറാനില്‍ പറയും പോലെ നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ പേര് എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുകയും അത് അംഗീകാരിക്കുകയും ചെയ്യുന്ന ആളാണ് ഞാനെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പൊള്‍ സംസാരിക്കും. എന്നല്ലാതെ വലിയ ബന്ധമില്ല. ഞാന്‍ അദ്ദേഹത്തെ കാണുമ്പൊള്‍ അദ്ദേഹത്തിന് 36 വയസ്സാണ്. ഞാന്‍ അന്ന് സിനിമയില്‍ ഒന്നും ഇല്ല. അന്ന് മുതല്‍ കണ്ട് ആരാധിച്ച ആളാണ് ഞാന്‍ അദ്ദേഹത്തെ. അന്ന് ഞാന്‍ പരിചയപ്പെട്ടതാണ്, സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്ന ആളാണ്. പക്ഷേ എന്തോ എന്നോട് പുള്ളിക്ക് ഒരു വിരോധമുണ്ട്. ലാലേട്ടനെയും, സിദ്ദിഖിനെയും, ഇടവേള ബാബുവിനേയും ഒക്കെ താന്‍ കോണ്ടാക്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള ബന്ധം മമ്മുക്കയുമായി ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

1985-ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് ഗണേഷ് കുമാറിന്റെ അരങ്ങേറ്റം . കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് സഹനടനെന്ന നിലയില്‍ അദ്ദേഹം വെള്ളിത്തിരയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 2001 മുതല്‍ അദ്ദേഹം എംഎല്‍എ എന്ന പദവി തന്റെ അഭിനയ ചുമതലകളുമായി ഒരുമിച്ചു കൊണ്ട്‌പോകാന്‍ തുടങ്ങി.

ഗണേഷ് കുമാറിന്റെ ആദ്യകാല സിനിമകളില്‍ ചെപ്പ്,രാക്കുയിലിന്‍ രാഗസദസ്സില്‍ എന്നിവയില്‍ ചിത്രീകരിച്ചത് പോലെ, വില്ലന്‍ അല്ലെങ്കില്‍ സാമൂഹിക വിരുദ്ധ വേഷങ്ങള്‍ അദ്ദേഹം പതിവായി ധരിച്ചിരുന്നു . ദിലീപും കാവ്യാ മാധവനും അഭിനയിച്ച ലയണ്‍ എന്ന ചിത്രം ഗണേഷ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടി.

2008 മാര്‍ച്ചില്‍, അമൃത ടിവി സീരിയലിലെ അളിയന്മാരും പെങ്ങന്മാരും എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ ഗണേഷ് കുമാറിനെ ഫ്രെയിം മീഡിയ ഗാലപ്പ് പോള്‍ തിരഞ്ഞെടുത്തു . സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത മാധവം എന്ന സീരിയലിലെ അഭിനയത്തിന് മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹം നേടി.

Leave a Reply

Your email address will not be published. Required fields are marked *