ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്‍ഷന്‍ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി നിലതെറ്റിയത്.
4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്പള പരിഷ്‌കരണം ഒടുവില്‍ അതിന്റെ നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായിട്ടുമില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെന്‍ഷനും അടക്കം ചെലവുകള്‍ മുന്നില്‍ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്.
ഡിസംബര്‍ വരെ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക്. ഇതുവരെ എടുത്തത് 12500 കോടി, ഇനി ബാക്കി അഞ്ച് മാസത്തേക്ക് ശേഷിക്കുന്നത് 2890 കോടിയും. ഓണക്കാലത്തെ അധിക ചെലവുകള്‍ കഴിയാന്‍ തുക സമാഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. പ്രതിസന്ധി പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര നയങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തില്‍ കേരളം ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല.

 
                                            