ചന്ദ്രയാൻ 3 പ്രൊജക്‌ട് ടീമീലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍; ചരിത്രം കുറിച്ച് ഭരത്കുമാർ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കും ഐഎസ്ആര്‍ഒക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തുകയുമാണ്.
ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അപൂര്‍വ്വ നേട്ടത്തിനായി താനും വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്ന ആത്മസംതൃപ്തിയിലാണ് ചാന്ദ്രയാന്‍ പ്രൊജക്ടിനൊപ്പം പങ്കുചേര്‍ന്ന ഓരോരുത്തരും.

ഛത്തീസ്ഗഡ് സ്വദേശിയായ ഭരത് കുമാറാണ് ചന്ദ്രയാന്‍ 3 പ്രൊജക്ട് ടീമീലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഇന്ന് രാജ്യമാകെ അറിയപ്പെടുന്നയാളിലേക്കുള്ള യാത്ര ഭരത് കുമാറിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. പ്രതിബന്ധങ്ങളോടു പൊരുതിയും നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും കൈമുതലാക്കിയുമാണ് അദ്ദേഹം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഒരു ദരിദ്ര കുടുംബത്തിലാണ് ഭരത് കുമാര്‍ ജനിച്ചതും വളര്‍ന്നതും. അദ്ദേഹത്തിന്റെ അമ്മ ഒരു ചെറിയ ചായക്കട നടത്തിയിരുന്നു. അച്ഛന്‍ ഒരു ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.ചരൗഡ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഭരത് കുമാറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. അവിടെ അക്കാദമിക് രംഗത്ത് അദ്ദേഹം തിളങ്ങി. വീട്ടില്‍ സാമ്ബത്തികം കുറവായിരുന്നെങ്കിലും ഭരത് കുമാര്‍ വിദ്യാഭ്യാസം തുടര്‍ന്നു. ഭരത് കുമാറിന്റെ ഒമ്ബതാം ക്ലാസിലെ പഠനത്തിന് സ്‌കൂള്‍ ഫീസ് വാങ്ങിയിരുന്നില്ല. 12-ാം ക്ലാസില്‍ മികച്ച വിജയം നേടിയ അദ്ദേഹം ഐഐടി ധന്‍ബാദില്‍ പ്രവേശനം നേടി. എന്നാല്‍ സാമ്ബത്തിക പ്രശ്‌നങ്ങള്‍ അപ്പോഴും തുടര്‍ന്നു.

ഇതിനിടെ, ഭരത് കുമാറിന് സാമ്ബത്തിക പിന്തുണ നല്‍കാന്‍ പ്രമുഖ വ്യവസായിയായ അരുണ്‍ ബാഗും റായ്പൂര്‍ ആസ്ഥാനമായുള്ള ജിന്‍ഡാല്‍ ഗ്രൂപ്പും രംഗത്തെത്തി. ഇതോടെ അദ്ദേഹത്തിന്റെ അക്കാദമിക് കാര്യങ്ങള്‍ തടസങ്ങളില്ലാതെ മുന്‍പോട്ടു പോയി. അക്കാദമിക് രംഗത്ത് അദ്ദേഹം ധാരാളം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. 98 ശതമാനം മാര്‍ക്കോടെ ഐഐടി ധന്‍ബാദില്‍ നിന്നു നേടിയ സ്വര്‍ണ്ണ മെഡലും ഇതില്‍ ഉള്‍പ്പെടുന്നു.

ഐഐടിയിലെ ഏഴാം സെമസ്റ്ററില്‍ തന്നെ, ഭരത് കുമാറിന്റെ കഴിവുകള്‍ ഐഎസ്ആര്‍ഒ ശ്രദ്ധിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഭരത് കുമാറിന് 23 വയസുള്ളപ്പോളാണ് ചന്ദ്രയാന്‍-3 ദൗത്യത്തില്‍ അംഗമാകാനുള്ള അവസരം വന്നുചേര്‍ന്നത്. അങ്ങനെ, ചന്ദ്രയാന്‍ 3 പ്രൊജക്ട് ടീമീലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.

അത് പോലെ സഹോദരിയുടെ വിവാഹച്ചടങ്ങ് പോലും ഉപേക്ഷിച്ച് കണ്ണിമചിമ്മാതെ ചാന്ദ്രദൗത്യത്തെ കാത്തത് ചാന്ദ്രയാന്‍ പ്രൊജക്ട് ഡയറക്ടറായ പി വീരമുത്തുവേലാണ്.
2019 ല്‍ ചാന്ദ്രയാന്‍ പൊജക്ടിന്റെ ഭാഗമായത് മുതല്‍ ഊണും ഉറക്കവും നഷ്ടപ്പെട്ടതാണ് വിരമുത്തുവിനെന്ന് പിതാവ് പളനിവേല്‍ പറയുന്നു. എന്റെ മകളുടെ വിവാഹത്തേക്കാള്‍ അദ്ദേഹത്തിന്റെ നേതൃത്വ പദ്ധതി വിജയിച്ചതില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നുവെന്ന് പളനിവേല്‍ പറഞ്ഞു.

പദ്ധതിയുടെ ചുമതല ഏറ്റെടുത്തത് മുതല്‍ സ്വദേശമായ വില്ലുപുരത്തേക്ക് എത്തിയിട്ടില്ല. സഹോദരിയുടെ വിവാഹനിശ്ചയം ഏപ്രിലില്‍ നടത്തിയപ്പോഴും എത്താനായില്ല. വിവാഹത്തിന് പങ്കെടുക്കാനാവുമെന്ന് കരുതി, എന്നാല്‍ വിവാഹദിവസമായ ആഗസ്റ്റ് 20 നും അദ്ദേഹത്തിന് കുടുംബത്തിനൊപ്പം പങ്കുചേരാനായില്ല.

ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്. എനിക്ക് ഈ കാര്യങ്ങള്‍ നേടാന്‍ കഴിയുമെങ്കില്‍, മറ്റുള്ളവര്‍ക്കും അത് ചെയ്യാന്‍ കഴിയും. നമുക്കെല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നു. നമ്മള്‍ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് വിജയമിരിക്കുന്നതെന്ന് വീരമുത്തുവേല്‍ പറയുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യിച്ച് ഇന്ത്യ ചരിത്രം കുറിച്ചത്. അതിസങ്കീര്‍ണമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയന്‍ ചൈന ഇവര്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പില്‍ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ചന്ദ്രയാന്‍-3. സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *