തെളിവില്ല; ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്തിനെതിരെ പ്രതിഷേധിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തകനായ ഗ്രോവാസുവിനെ കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി വിധി പുറപ്പെടുവിച്ചത്. കോളേജ് പരിസരത്ത് മുദ്രാവാക്യം മുഴക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഗ്രോവാസുവിനെതിരെ കേസെടുത്തത്.

2016 നവംബറില്‍ നിലമ്പൂര്‍ കാടുകളില്‍ വച്ച് രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം എത്തിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിക്ക് മുന്നില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു എന്നതാണ് ഗ്രോവാസുവിനെതിരെ ചുമത്തിയിരുന്ന കേസ്. സംഭവം കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജൂലൈ 29ന് അറസ്റ്റ് ചെയ്തത്. 20 പേരായിരുന്നു ഇത് സംബന്ധിച്ച കേസില്‍ ഉള്‍പ്പെട്ടിരുന്നത് ഇതില്‍ 17 പേരെയും നേരത്തെ വിട്ടയച്ചിരുന്നു. ജയില്‍വാസം തിരഞ്ഞെടുത്തു. രണ്ടുപേരെ 200 രൂപ പിഴ അടപ്പിച്ച് കോടതി വിട്ടയച്ചു. ഗ്രോ വാസുവിനും കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഭരണകൂടത്തോടുള്ള പ്രതിഷേധം അറിയിക്കുവാനായി അദ്ദേഹം പിടയടയ്ക്കാനോ രേഖകളില്‍ ഒപ്പുവയ്ക്കുവാനോ തയ്യാറായില്ല. മറ്റുള്ളവരെല്ലാം തന്നെ ജാമ്യം എടുത്തു താങ്കള്‍ക്ക് ജാമ്യം വേണ്ടേ എന്ന് കോടതി ഹാജരായ പ്രതിയോട് ചോദിച്ചത് ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.

94 വയസ്സുള്ള ഈ സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്യാത്ത കുറ്റത്തിന് ജാമ്യത്തിന് അപേക്ഷിക്കുകയും പിഴയടയ്ക്കുകയോ ചെയ്യില്ലെന്ന നിലപാടെടുത്തതോടെ പോലീസും പരുങ്ങലിലായി. കേരളത്തിലെ ഇടതുപക്ഷത്തിനെ നിശിതമായി വിമര്‍ശിക്കുന്ന ഗ്രോ വാസുവിനെതിരെയുള്ള പ്രതികാര നടപടിയായിരുന്നു ഈ കേസ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു . അറസ്റ്റ് ചെയ്ത ഗ്രോ വാസുവിന്റെ വായ കോടതി വരാന്തയില്‍ വച്ച് മുദ്രാവാക്യം വിളിക്കാതിരിക്കാനായി പോലീസ് പൊത്തി പിടിക്കുന്ന കാഴ്ചയും നാം കണ്ടു.

നിലമ്പൂര്‍ വനത്തില്‍ അജിത, കുപ്പു ദേവരാജ് എന്നീ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ മരിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നു എന്ന ആരോപണമുയര്‍ത്തിയതില്‍ പ്രധാനി ഗ്രോവാസു ആയിരുന്നു. പഴയ നക്‌സല്‍ പ്രവര്‍ത്തകനും തൊഴിലാളി നേതാവും ആയിരുന്ന ഗ്രോവാസുവിന്റെ ഉള്ളിലെ അണയാത്ത സമരവീര്യത്തിന് മുന്നില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അധികാരികള്‍ക്ക് അടിതെറ്റിരിക്കുകയാണ്. അതോടൊപ്പം ഈ വയോധികന്‍ പ്രദര്‍ശിപ്പിച്ച നിശ്ചയദാര്‍ഢ്യം പ്രതികരണശേഷി നഷ്ടപ്പെടാത്ത പുതിയ തലമുറയ്ക്ക് പ്രചോദനവുമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *