മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം കാറിൽ ഇടിപ്പിച്ചു : നടൻ കൃഷ്ണകുമാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം തന്റെ കാറില്‍ മനഃപൂര്‍വം ഇടിച്ചുതെറിപ്പിച്ചെന്ന് പരാതിയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാര്‍.ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്ണകുമാര്‍.

പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പോലീസിന്റെ സ്ട്രൈക്കര്‍ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറില്‍ ഇടിച്ചെന്നാണ് കൃഷ്ണകുമാര്‍ ആരോപിക്കുന്നത്. കാറില്‍ വാന്‍ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തില്‍ കാര്‍ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. കാറിനും കേടുപാടുകളുണ്ട്.

ഇടിച്ചശേഷം വാനിലുണ്ടായിരുന്നവര്‍ മോശമാറി പെരുമാറിയെന്നും നടന്‍ ആരോപിക്കുന്നു. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് കൃഷ്ണകുമാര്‍ .

രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്‍ക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താന്‍ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനില്‍ക്കില്ല. ഇത് പാര്‍ട്ടികളുടെ തന്നെ അന്ത്യം കുറിക്കാന്‍ പോകുന്ന നടപടികളുടെ തുടക്കമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *