പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.48 വയസായിരുന്നു. കമൽഹാസന്റെ നടക്കാതിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്ന ‘മരുതനായഗം’ എന്ന സിനിമയുടെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയറക്ഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ആളാണ് ബാലാജി.
പിന്നീട് ടെലിവിഷൻ സീരിയലായ ചിത്തിയിലൂടെയാണ് അഭിനയത്തിലെ അരങ്ങേറ്റം. ഇവിടെ നിന്നാണ് ഡാനിയേൽ ബാലാജി തന്റെ കരിയർ തുടങ്ങിയത്. പിന്നീട് സൂര്യ നായകനായി തെന്നിന്ത്യയിൽ തരംഗം സൃഷ്‌ടിച്ച കാക്ക കാക്കയിലൂടെ ഡാനിയേൽ ബാലാജി എന്ന നടനെ തമിഴ് സിനിമാ ലോകം തിരിച്ചറിഞ്ഞു. ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഒരു പ്രധാന വേഷത്തിൽ താരം അഭിനയിച്ചു.
വേട്ടയാട് വിളയാടിൽ കമൽ ഹാസനൊപ്പവും ചെയ്‌ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
ഏപ്രിൽ മാസത്തിൽ, കാതൽ കൊണ്ടെൻ, കാക്ക കാക്ക, വേട്ടയാട് വിളയാട്, മായാവൻ, പൊല്ലാതവൻ, ചിരുത, മുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്. വെട്രിമാരൻ സംവിധാനം ചെയ്‌ത വട ചെന്നൈയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിരുന്നു ഡാനിയേൽ ബാലാജി. മിത്രൻ ജവഹർ സംവിധാനം ചെയ്‌ത അറിയവൻ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ഡാനിയേൽ ബാലാജിയുടെ ചിത്രം.
മലയാള സിനിമയിൽ ഒന്നിലധികം ചിത്രങ്ങളിലൂടെ ഡാനിയേൽ ബാലാജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ബ്ലാക്കിലെ വേഷവും, മോഹൻലാലിൻറെ ഭഗവാനും, ഡാഡി കൂളുമെല്ലാം ഡാനിയേൽ ബാലാജിക്ക് ബ്രേക്ക് നൽകിയ ചിത്രങ്ങളായിരുന്നു.
നാല്‍പത്തിയെട്ട് വയസായ നടന്‍ ഇപ്പോഴും അവിവാഹിതനായിരുന്നു. വിവാഹ ജീവിതം ഉണ്ടാവാത്തതിനെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ബാലാജി സംസാരിച്ചിരുന്നു. ‘വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 24 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍, നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കി, പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്റേത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് സമയവും അവസരങ്ങളും സാധ്യതകളും ഉണ്ടെന്നുമാണ് ഡാനിയല്‍ ബാലാജി പറഞ്ഞത്

 
                                            