മോദി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിചാരണ കോടതിയുടെ പരമാവധി ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. ഇതോടെ രാഹുല്‍ ഗാന്ധി പാര്‍ലിമെന്റിലേക്ക് മടങ്ങി എത്തുന്നതിനും വഴിയൊരുങ്ങിയിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്നും, ഏറെ സന്തോഷകരമായ വിധിയെന്നുമുള്ള കൈയ്യടികള്‍ ജനാധിപത്യ വിശ്വാസികള്‍ ഉയര്‍ത്തുമ്പോള്‍ കോടതിയുടെ അകത്തുനടന്ന ചില രസകരമായ വാദ പ്രതിവാദങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. അതില്‍തന്നെ ഏറ്റവും ശ്രദ്ധേയം വിധി പറയുന്നതിനിടയില്‍ സുപ്രീംകോടതി ബെഞ്ച് നടത്തിയ കുറിക്കുകൊള്ളുന്ന മറുപടികളും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിലെ തമാശ കലര്‍ന്ന ട്രോളുകളും തന്നെയാണ്.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന് ഭീമമായി കടവും ബാധ്യതയും വരുത്തിവച്ച് നാടുവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമര്‍ശിച്ചതായിരുന്നു രാഹുലിനെ കേസിലേക്ക് എത്തിക്കുന്നത്. പ്രസംഗത്തിനിടെ കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേരുണ്ടായത് എങ്ങനെയാണെന്നുള്ള രാഹുലിന്റെ ചോദ്യമാണ് പിന്നീട് കോടതി കയറിയത്. മോദി സമുദായത്തെ തന്നെ അവഹേളിച്ചുവെന്ന് കാണിച്ചു ബിജെപി നേതാവ് പൂര്‍ണഷ് മോദി കേസ് കൊടുത്തതോടെയാണ് വിചാരണയും സൂറത്ത് കോടതിയുടെ 2 വര്‍ഷം തടവുശിക്ഷ ഉള്‍പ്പടെയുള്ള വിധി എത്തുന്നത്. തോറ്റുപിന്നാലെ തന്നെ രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനുമാക്കി. ഇത് ചോദ്യം ചെയ്ത്, കീഴ്‌കോടതി വിധിയില്‍ ഇളവു തേടി രാഹുല്‍ ഗുജറാത്ത് കോടതിയിലെത്തിയെങ്കിലും അവിടെയും അനുകൂലമായ വിധിയുണ്ടായില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്. തുടര്‍ന്ന് നീണ്ട തവണ ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം സുപ്രീംകോടതി ഇന്നലെയാണ് ഇതില്‍ വ്യക്തമായൊരു വിധിയിലേക്ക് എത്തുന്നത്.
ഇന്നലെ കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴും ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് ഇരുകൂട്ടര്‍ക്കും 15 മിനുട്ട് വീതം അവരുടെ വാദങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി, കേസില്‍ സ്റ്റേയുടെ ആവശ്യം ചൂണ്ടികാട്ടി. ഈ സമയത്ത് പരാതിക്കാരനായ പൂര്‍ണഷ് മോദിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി, മുന്‍പ് രാഹുല്‍ നടത്തിയ പരാമര്‍ശം അദ്ദേഹം ഓര്‍ക്കുന്നില്ല എന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് കോടതിയെ അറിയിച്ചു. ഇത് കേട്ടപാടെ, പൊതുയോഗങ്ങളില്‍ സംസാരിക്കുന്ന എത്ര രാഷ്ട്രീയ നേതാക്കളുണ്ടെന്നും അവരെല്ലാം തങ്ങള്‍ നേരത്തെ പ്രസംഗിച്ചത് ഓര്‍ത്തുവെക്കാറുണ്ടോ എന്നും ജസ്റ്റിസ് ഗവായ് തിരിച്ചു ചോദിച്ചു. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍, കുറഞ്ഞത് ചുമത്തപ്പെട്ട കുറ്റങ്ങളെങ്കിലും അറിഞ്ഞിരിക്കണമെന്ന് ജഠ്മലാനി അറിയിച്ചു.
ഇതോടെ സുപ്രീംകോടതി ബെഞ്ച് സൂറത്ത് കോടതിയുടെ വിധിന്യായത്തിലേക്ക് കടന്നു. ഒരു കുറ്റത്തിന് പരമാവധി ശിക്ഷ വിധിക്കുമ്പോള്‍, അതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. വിചാരണക്കോടതി ഇതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇത് ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു മണ്ഡലത്തിന്റെ മുഴുവന്‍ അവകാശങ്ങളേയുമാണ് ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരായ 125 പേജുള്ള വിധിന്യായത്തില്‍, ലോക്സഭാംഗങ്ങള്‍ പുലര്‍ത്തേണ്ട നിലവാരത്തെക്കുറിച്ച് ഒരുപാട് പറയുന്നുണ്ടെന്നും, എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ സംസ്ഥാനത്ത് നിന്നുവരുന്ന വിധിന്യായങ്ങള്‍ വായിക്കാന്‍ തന്നെ രസകരമാണെന്നും ജസ്റ്റിസ് ഗവായി പരാതിക്കാരനും കൂട്ടര്‍ക്കും കണക്കിന് കൊടുത്തു. എന്നാല്‍ ഈ സമയം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ താന്‍ രാജ്യത്തെ മുഴുവനാണ് പ്രതിനിധീകരിക്കുന്നതെന്നും, ഗുജറാത്തില്‍ നിന്നുള്ള ആളെന്ന നിലയില്‍ അഭിമാനിക്കുന്നതായും അറിയിച്ച് കൂടുതല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മുന്‍പേ ഇടപെട്ട് തടിയൂരി. മാത്രമല്ല ഹൈകോടതി വിധികളെ അടുത്തിടെയായി കോടതി എന്തിനാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം മറുചോദ്യം ഉന്നയിച്ചു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കാതെ തങ്ങള്‍ ഒന്നും പറയാറില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി സുപ്രീംകോടതി ബെഞ്ച് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസില്‍ സ്റ്റേ അനുവദിക്കുകയായിരുന്നു.

 
                                            