പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര നീക്കം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തും.
വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്ബിന്റെ വിളവ് കുറഞ്ഞതാണ് കാരണം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്ബ് ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍ വിളവിനെ ബാധിക്കും. ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുന്നതോടെ ആഗോള ഭക്ഷ്യ വിപണിയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും
ഭക്ഷ്യ വിലക്കയറ്റത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തിനകത്ത് വിതരണവും ന്യായമായ വിലയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സീസണില്‍ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 3.3 ശതമാനം കുറഞ്ഞ് 31.7 ദശലക്ഷം ടണ്ണാകുമെന്നാണ് കണക്കുകൂട്ടല്‍. മുന്‍ സീസണില്‍ 11.1 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ സീസണില്‍ 6.1 ദശലക്ഷം ടണ്‍ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ മില്ലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളൂ.
ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ നിരോധനം, ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തല്‍ തുടങ്ങിയ നടപടികളെ പിന്തുടര്‍ന്നാണ് പഞ്ചസാര കയറ്റുമതി നിര്‍ത്താനുള്ള നീക്കം.ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നത്.ഭക്ഷ്യ ആവശ്യത്തിന് പുറമെ എഥനോള്‍ ഇന്ധനമായും വലിയ തോതില്‍ ഉപയോഗിക്കുന്നതിനാല്‍ ഉത്പാദനത്തിലെ നേരിയ ഇടിവ് പോലും ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കാലാവസ്ഥാ വ്യതിയാനവും സപ്ലൈ പ്രശ്‌നങ്ങളും ഇടനിലക്കാരുടെ ഇടപെടലും പ്രധാന ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധന സൃഷ്ടിച്ചതിനാല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കാതെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുതിച്ചുയരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് പല ഘട്ടങ്ങളിലായി 2.5 ശതമാനം വര്‍ധിപ്പിച്ചിരുന്നെങ്കിലും വിപണിയില്‍ വിലക്കയറ്റം കുറയാന്‍ കാര്യമായി സഹായിച്ചില്ല. അതിനാലാണ് ധന നിയന്ത്രണങ്ങള്‍ക്ക് പകരം ഉത്പന്നങ്ങളുടെ ലഭ്യത ഉയര്‍ത്തി വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭക്ഷ്യവില നിയന്ത്രിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍.
പഞ്ചസാര കയറ്റുമതി നിര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യാന്തര വിപണിയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
