ഈണങ്ങള്‍ കൊണ്ട് ഇമ്പമുള്ള ഗാനങ്ങളൊരുക്കി മലയാളി ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ സ്വന്തം സംഗീത സംവിധായകനാണ് ശരത് . തന്റെ ഈണങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണെന്ന് തന്റെ സംഗീതത്തിലൂടെ തെളിയിച്ച സംഗീത സംവിധായകന്‍ .കാതില്‍ ഇമ്പമുള്ള ഈണങ്ങള്‍ക്കായി രാഗങ്ങളുടെ സങ്കീര്‍ണതകളിലേക്ക് ഇറങ്ങി ചെന്ന് അതിന്റെ ഭാവം ഒട്ടും ചോര്‍ന്നു പോകാതെ രാഗത്തെ പകുത്ത് ശ്രവ്യ അനുഭൂതി പകരുന്ന ഗാനമാലികകള്‍ മലയാളി മണ്ണില്‍ പൊഴിച്ച സംഗീത സാമ്രാട്ട് എന്ന വിശേഷണത്തിന് സര്‍വ്വാത്മനാ യോഗ്യനായ സംഗീത സംവിധായകന്‍ ശരത്തോളം വേറാരിലും നമുക്ക് കാണാന്‍ സാധിക്കില്ല . പ്രണയവും , വിരഹവും , കനല്‍ കൂടും , സന്തോഷവും ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഒട്ടും തുളുമ്പാതെ തന്റെ സംഗീതത്തിലൂടെ പകര്‍ന്ന് നല്‍കിയവന്‍ .
ഓര്‍ക്കസ്‌ട്രേഷനിലും , ഈണം ചമയ്ക്കലിലും , രാഗ തിരിവുകളിലും തന്റെ സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് വെച്ച അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഒക്കെ തന്നെ എക്കാലവും മലയാളികള്‍ക്ക് സുപരിചിതമാണ് . അദ്ദേഹത്തിന്റെ നക്ഷത്ര മിഴി നനയുന്ന ക്ഷണക്കത്തിലെ ആകാശ ദീപം എന്നും ഉണരുമിടമായോ എന്ന ഗാനം ഒരു മുകില്‍ മുത്തായി കമിതാക്കളുടെ മനസ്സില്‍ ഇന്നും പെയ്‌തൊഴിയുന്നു .
അതു പോലെ തന്നെ കവര്‍ സ്റ്റോറി എന്ന ചിത്രത്തില്‍ അദ്ദേഹം ഒരുക്കിയ യാമങ്ങള്‍ മെല്ലെ ചൊല്ലും എന്ന ഗാനം ശരത്തിലെ സംഗീത സംവിധായകന്റെ ശ്രേഷ്ഠതയെ വിളിച്ചോതുന്നു . അതി സങ്കീര്‍ണ്ണമെന്ന് തോന്നും വിധമുള്ള ഈണം ചമയ്ക്കലും , സംഗീത രചനയും ഈ ഗാനത്തിന്റേത് എന്ന് മലയാളികള്‍ ഇന്നും പറയാതെ പറയുന്നു .
രാഗ ഭാവം ഒട്ടും ചോരാതെ അതിന്റെ പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്തിയ ഈ ഗാനമാകട്ടെ മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനമായി ശരത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളില്‍ ഒന്നാണ് . ചിത്രയുടെ ആലാപന മാധുരിയും സംഗീതത്തെ സംവിധായകന്റെ മനോധര്‍മ്മം പോലെ അടുക്കും ചിട്ടയോടെ മുമ്പോട്ട് കൊണ്ടു പോവുന്നതും ഈ ഗാന ചാരുതയില്‍ മുഴങ്ങി നില്‍ക്കുന്നു .
അതു പോലെ ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിനായി അദ്ദേഹം ഈണമിട്ട മായാ മഞ്ചലില്‍ എന്ന ഗാനം അധികമാരും കേള്‍ക്കാത്ത ഒരു രാഗത്തിന്റെ ആഴവും പരപ്പും ശ്രുതി ഭേദം ചോരാതെ നമുക്ക് കാണിച്ച് തരുന്നു .
ഈണങ്ങളെ അതിന്റെ രാഗ കൂട്ടില്‍ ഒരു രഹസ്യ പുറം ചട്ട ഇട്ട് ഗായകരോട് വേറിട്ടൊരു നാദം സ്വരങ്ങള്‍ ചോര്‍ന്ന് പോവാതെ ആലപിക്കാന്‍ എന്നും വാശി പിടിക്കുന്ന ശരത് എന്ന സംഗീത സംവിധായകന്‍ മലയാളികള്‍ക്ക് ലഭിച്ച ഒരു അതുല്യ സ്വത്താണെന്ന് അദ്ദേഹം വിരല്‍ തൊട്ട് മണ്ണില്‍ വിരിയിച്ച ഗാനങ്ങള്‍ എന്നും നമുക്ക് തെളിയിച്ച് തരുന്നു .
സംഗീതം എന്ന സ്വര രാഗ സുധയെ സ്വര്‍ഗ്ഗീയമാണെന്ന് തോന്നിപ്പിക്കും വിധം ഗന്ധര്‍വരില്‍ നിന്നും കട്ടെടുത്ത് മണ്ണില്‍ പാകിയ സംഗീത സ്വരൂപന്‍ അതാണ് സംവിധായകന്‍ ശരത് മലയാളികള്‍ക്ക് എന്നും .

 
                                            