മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ചരിത്രത്തിലെ സുപ്രധാനമായ പല കേസുകളിലും സാന്നിധ്യമുള്ള വ്യക്തിയാണ്. പത്മവിഭൂഷൻ, പത്മഭൂഷൻ എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. നരിമാന്റെ പല കേസുകളും അഭിഭാഷകർ ഇന്ന് പഠനവിധേയമാക്കുന്നുണ്ട്.
‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’എന്ന അഭിഭാഷക വൃത്തത്തിലെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ആത്മകഥ നിയമ വിദ്യാർത്ഥികൾക്കിടയിലും യുവ അഭിഭാഷകർക്കിടയിലും പ്രചോദനം നൽകുന്ന പുസ്തകമാണ്. ബോംബെ ഹൈക്കോടതിയിലാണ് നരിമാൻ അഭിഭാഷകനായി എൻറോൾ ചെയ്ത് പ്രാക്ടീസ് ആരംഭിച്ചത്. 1971ൽ സുപ്രീംകോടതിയിൽ സീനിയർ അഡ്വക്കേറ്റ് ആയി.

 
                                            