ഒന്നിലേറെ ലെെംഗികാതിക്രമകേസുകളിൽ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് ഇന്ന് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്തിൽ നിന്നുണ്ടായ ദുരനുഭവം പരാതിക്കാർ തുറന്ന് പറഞ്ഞപ്പോൾ പലരും ഞെട്ടി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെയ്ക്കെണ്ട അവസ്ഥയിലേക്ക് എത്തി. ഇതിലൂടെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായായാണ് രഞ്ജിത്തിന് നഷ്ടപ്പെട്ടത്. ഇതേക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നുത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രഞ്ജിത്തിനെതിരെ ഇദ്ദേഹം നടത്തിയിരിക്കുന്നത്. അഹങ്കാരം തലയ്ക്ക് പിടിച്ച് മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി രഞ്ജിത്ത് സ്ഥാനമേൽക്കുന്നത്. വരിക്കാശ്ശേരി മനയിലെ തമ്പ്രാനായി പിന്നീട് രഞ്ജിത്ത് മാറുകയായിരുന്നു. ഒരുകാലത്ത് വേദികളിലേക്ക് കരഘോഷങ്ങളോടെ രഞ്ജിത്തിനെ സ്വീകരിച്ചിരുന്നവർ പിന്നീട് കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്. ഐഎഫ്എഫ്കെയുടെ പരിപാടിയിൽ കൂക്കൂവിളികളേറ്റ് വാങ്ങിയപ്പോൾ ആ കൂക്കുവിളികളെ അദ്ദേഹം ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്. അവിടം മുതൽ രഞ്ജിത്തിന് വീഴ്ചകൾ വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
ആരാധതരും സർക്കാരും കൈവിട്ട അവസ്ഥയിലായി. ഇതെല്ലാം അനുഭവിക്കാൻ രഞ്ജിത്ത് ബാധ്യസ്ഥനാണ്. അങ്ങനെ തോന്നാനുള്ള സംഭവവും ആലപ്പി അഷ്റഫ് ഇപ്പോഴിതാ പങ്കുവെച്ചിരിക്കുകയാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടൻ നടന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു. ആ അടി കൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്തയാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ.
എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിച്ചു. നിറ കണ്ണുകളോടെ നിൽക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈൻഡ് ചെയ്തില്ല. ആ അടിയുടെ ആഘാതത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായ തകർന്ന് പോയി. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. ആകെ മ്ലാനതയിലായിരുന്നു. ആ വിഷമത്തിൽ നിന്നും മോചിതനാകാൻ ഏറെ നാൾ എടുത്തു എന്നതാണ് സത്യം. ഇതിന്റെയോക്കെ ഫലമാണ് ഇന്ന് രഞ്ജിത്ത് അനുഭവക്കുന്നതെന്നാണ് സംവിധായകന്റെ അഭിപ്രായം.
