അപമര്യാദയായി പെരുമാറിയ നടനോട് പരസ്യമായി പ്രതികരിച്ചു: ഖുശ്ബു

തെന്നിന്ത്യന്‍ സൂപ്പര്‍ താരവും രാഷ്ട്രീയപ്രവര്‍ത്തകയുമാണ് ഖുശ്ബു സുന്ദര്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി എല്ലാ ഇന്‍ഡസ്ട്രിയിലും ഇപ്പോഴും തിളങ്ങുന്ന താരമാണ് ഖുശ്ബു. അഭിനയത്തിന്റെ തുടക്കകാലത്ത് തനിക്കും ലൈംഗികചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 (ഐ.എഫ്.എഫ്.ഐ.) ഭാഗമായി നടത്തിയ ‘വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ’ എന്ന സെഷനില്‍ സംസാരിക്കവേയായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഇംതിയാസ് അലി, ഭൂമി പട്‌നാകര്‍, സുഹാസിനി മണിരത്‌നം, വാണി തൃപാതി ടികൂ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന് പറഞ്ഞ ഖുശ്ബു, ഇതിനെതിരെ സ്ത്രീകള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നും പറഞ്ഞു. ‘സിനിമാ മേഖലയില്‍ മാത്രമല്ല, വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴും ഷെയര്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം നമ്മള്‍ ചൂഷണത്തിന് വിധേയരാകാറുണ്ട്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്നും നടി പറഞ്ഞു.

ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ പാടില്ല, പ്രതികരിക്കുക എന്നതാണ് മുഖ്യം. അഭിനയത്തിന്റെ ആദ്യനാളുകളില്‍ എനിക്കും ഇത്തരം ചൂഷകരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു നായകന്‍ ഒരിക്കല്‍ എന്നോടു ചോദിച്ചു, ‘ആരും അറിയാതെ എനിക്ക് ഒരു അവസരം തരാമോ’ എന്ന്, അയാള്‍ ഉദ്ദേശിച്ച കാര്യം നിങ്ങള്‍ക്ക് മനസിലായിക്കാണുമല്ലോ. ഞാന്‍ അപ്പോള്‍ തന്നെ എന്റെ ചെരിപ്പ് കൈയില്‍ എടുത്ത് അയാളോട് ചോദിച്ചു,

‘നിങ്ങള്‍ക്ക് ഇവിടെവെച്ച് രഹസ്യമായി അടി കൊള്ളണോ അതോ മുഴുവന്‍ യൂണിറ്റിന്റെയും മുന്നില്‍വെച്ച് കൊള്ളണോ’ എന്ന്. ‘ആ സമയത്ത് ഞാന്‍ ഒരു പുതിയ നടിയാണെന്നോ, ഇതെന്റെ സിനിമാ ഭാവിയെ ബാധിക്കുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ഞാന്‍ പ്രതികരിച്ചു. എന്റെ അഭിമാനം എനിക്ക് മറ്റെന്തിനെക്കാളും വലുതാണ് എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം. നിങ്ങള്‍ക്ക് നിങ്ങളോട് ബഹുമാനം ഉണ്ടാവണം, എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്കും നിങ്ങളോട് അതേ ബഹുമാനം ഉണ്ടാവുള്ളൂ എന്നാണ് താരം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *