പരാതിക്കാരനെതിരെ ആഞ്ഞടിച്ചു പ്രിയ

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്.അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ് ചെയ്യപ്പെടുന്നതല്ലാതെ മറ്റെന്താണെന്ന് പ്രിയ വര്‍ഗീസ് ആഞ്ഞടിച്ചു.

പരാതിയുള്ള വ്യക്തി ആദ്യം സമീപിക്കേണ്ടത് കോടതിയെയാണ്, അല്ലാതെ മാധ്യമങ്ങളെയല്ല. ഇത് ഗൂഢാലോചന അല്ലാതെ മറ്റെന്താണെന്നും പ്രിയ വര്‍ഗീസ് ചോദിച്ചു. വിഷയത്തില്‍ താന്‍ അനുഭവിച്ചത് കടുത്ത മാധ്യമവേട്ടയാണ്. ഇത് വളരെ ദുഃഖകരമായ കാര്യമാണ്. കേസില്‍ നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. താങ്ങി നിര്‍ത്താവുന്ന ഒരു മതില്‍ ഇടിഞ്ഞു പോയിട്ടില്ല എന്ന പ്രതീക്ഷ ലഭിച്ചുവെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിന് പിന്നാലെ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്‍.കോടതി വിധിപ്രകാരം മുന്നോട്ട് പോകും. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി എന്നറിഞ്ഞു. വിധി വായിച്ചിട്ട് ഇതിനെപറ്റി കൂടുതല്‍ സംസാരിക്കാം. ഐക്യുഎസി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ കോടതി പറഞ്ഞിരുന്നു. അത് ഞങ്ങള്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിധിയില്‍ നിയമനം റദ്ദാക്കിയിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അതുമായി മുന്നോട്ട് പോകും. റാങ്ക് ലിസ്റ്റ് പ്രകാരം ഇപ്പോഴും അവര്‍ക്ക് തന്നെയാണ് ഒന്നാം റാങ്ക്. ബാക്കി കോടതി വിധി പരിശോധിച്ച ശേഷം തീരുമാനിക്കാം.’- ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത് യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന വാദം അംഗീകരിച്ചാണ്. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം റാങ്ക് നല്‍കിയ സിന്‍ഡിക്കേറ്റ് നടപടി ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തതാണു പിന്നീടു കോടതിയിലേക്കു നീണ്ടത്.
പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് ഹൈക്കോടതിയെ സമീപിച്ചരുന്നു. പ്രിയ വര്‍ഗീസിനെ നിയമന പട്ടികയില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതാണ്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ 22ന് നിയമനം കേരള ഹൈക്കോടതിയുടെ ദേവന്‍ രാമചന്ദ്രന്‍ അംഗമായ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു.
യുജിസിയുടെ നിലപാടു തള്ളി ഹൈക്കോടതിയില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം നല്‍കി. നിയമനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും പ്രിയക്കുണ്ട് എന്ന് സര്‍വകലാശാലയുടെ വിശദീകരണം പക്ഷേ, സിംഗിള്‍ ബഞ്ച് അംഗീകരിച്ചില്ല. നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി പ്രിയ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് അവര്‍ക്ക് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

Leave a Reply

Your email address will not be published. Required fields are marked *