കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം

പാലാ: അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ഖത്തറില്‍ കണക്ഷന്‍ വിമാനം ഉള്ള രീതിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വ്വീസ് ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക് നിലവിലുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ഇത് മലയാളികള്‍ക്കു ദോഷകരമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത് തുടരുന്നതോടൊപ്പം എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, കുവൈറ്റ് എയര്‍വെയ്‌സ് എന്നീ വിമാനകമ്പനികളുടെ വിമാനങ്ങള്‍ ഫിലാഡല്‍ഫിയായില്‍നിന്നും കേരളത്തിലേക്ക് സമയനഷ്ടമില്ലാതെ ഗള്‍ഫ് മേഖലയിലുള്ള കണക്ഷന്‍ വിമാനസര്‍വ്വീസുകളുമായി ബന്ധിപ്പിക്കാന്‍ വിമാനക്കമ്പനികളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഈ മേഖലയിലെ ലക്ഷക്കണക്കിന് ഏഷ്യാ- ഗള്‍ഫ് – ഇന്ത്യാ യാത്രികര്‍ക്ക് ഇതു ഗുണകരമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഫിലാഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വ്വീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വര്‍ദ്ധനവുണ്ട്. പെന്‍സിലില്‍വേനിയാ, ഡെലവേര്‍, ന്യൂജേഴ്‌സി, മെരിലാന്റ്, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന, വെസ്റ്റ് വെര്‍ജീനിയാ, ഒഹായോ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു പ്രയോജനകരമാകാന്‍ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന് നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. ഓര്‍മ്മ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ഷാജി ആറ്റുപുറം, ഓര്‍മ്മ ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രൊവിന്‍സ് പ്രസിഡന്റ് എബി ജെ ജോസ്, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലില്‍, അഡ്വ നാരായണന്‍നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കിയത്.

ഓര്‍മ്മ ഇന്റര്‍നാഷണല്‍ പബ്‌ളിക് അഫയേഴ്‌സ് ചെയര്‍മാന്‍ വിന്‍സെന്റ് ഇമ്മാനുവേല്‍, ഓര്‍മ്മ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, ഓര്‍മ്മ ടാലന്റ് പ്രമോഷന്‍ ഫോറം ചെയര്‍ ജോസ് തോമസ്, ഓര്‍മ്മ ഇന്റര്‍നാഷണല്‍ ലീഗല്‍ സെല്‍ ചെയര്‍ അറ്റോര്‍ണി ജോസഫ് കുന്നേല്‍, ജോര്‍ജ് അമ്പാട്ട്, മാനുവല്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനയാത്രാക്ലേശം പരിഹരിക്കുന്നതിനായി കമ്മിറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *