തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മാർട്ട് സ്റ്റഡി റൂം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്മാർട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകൾ, ലാപ്ടോപുകൾ, പ്രിന്ററുകൾ, പ്രോജക്ടർ, ടെലിവിഷൻ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു പഠനാവാശ്യാർത്ഥം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഈ സംവിധാനം ഗുണകരമാകുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൺകുട്ടികൾക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും ഇതേ മാതൃകയിൽ സ്മാർട്ട് സ്റ്റഡി റൂം എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ കുന്നുകുഴി വാർഡ് കൌൺസിലർ മേരി പുഷ്പം, പട്ടിക ജാതി വികസന ജില്ലാ ഓഫീസർ മീനാറാണി എസ്, തിരുവനന്തപുരം നഗരസഭ പട്ടികജാതി വികസന ഓഫീസർ നീന എൻ, പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സീനിയർ സൂപ്രണ്ട് ശ്രീരശ്മി യു, ഹോസ്റ്റൽ നിവാസികളുടെ പ്രതിനിധി ഭവ്യ തുടങ്ങിയവർ പങ്കെടുത്തു.

 
                                            