‘മീൻകറിക്ക് ഉപ്പ് ഇല്ല’; വീണ്ടും പന്തീരാങ്കാവിൽ പെൺകുട്ടി പരാതിയുമായി എത്തി

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്. മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. മദ്യപിച്ചെത്തിയ രാഹുല്‍ പി ഗോപാല്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. ഭര്‍തൃപീഡനം, നരഹത്യാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മീന്‍കറിയില്‍ പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചുവെന്നും മുന്‍പും രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സ തേടി.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. രാഹുലിനെതിരെ യുവതി മുമ്പ് നൽകിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുൽ ​ഗോപാലിന്‍റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ​ഗാർഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭർത്താവ് രാഹുൽ ​ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ, പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ​ഗാർഹിക പീഡന പരാതി എന്ന നിലയിൽ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു.

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി രാഹുൽ ​ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *