ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ജ്വല്ലറി മോഷണം. സിനിമാ സ്റ്റെല്‍ കവര്‍ച്ചയാണ് നടന്നത്. ജംങ്പുരയിലെ ജൂവലറിയില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
അറസ്റ്റിലായ ലോകേഷ് ശ്രീവാസ്തവ, ശിവ എന്നിവരില്‍ നിന്ന് 18 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കണ്ടെടുത്തു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ കവര്‍ച്ചയാമിതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച കട അവധിയാണെന്ന് നേരത്തെ മനസ്സിലാക്കിയ പ്രതികള്‍ തന്ത്രപരമായി ഞായറാഴ്ച്ച രാത്രി കവര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.
നാലുനിലയുളള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വൈദ്യുതി വിച്ഛേദിച്ചിരുന്നതിനാല്‍ സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നു. ടെറസിലൂടെ അകത്ത് കടന്ന ശേഷം താഴത്തെ നിലയിലെത്തിയ മോഷ്ടാക്കള്‍ സ്‌ട്രോങ് റൂമിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് ആഭരണങ്ങളും പണവും കവര്‍ന്നത്.
ബുധനാഴ്ച്ച രാവിലെ പതിവ് പോലെയെത്തി ജ്വല്ലറി തുറന്നപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം തുടങ്ങി സമീപത്തുളള കടകളിലെ സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ വിദഗ്ദ മോഷണ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് പൊലീസ് നിഗമനത്തിലെത്തി.
ഒടുവില്‍ ചത്തീസ്ഖഡ് പൊലീസിന്റെ സഹായത്തോടെ ബിലാസ്പൂരില്‍ നിന്ന് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ലോകേഷ് സ്ഥിരം മോഷ്ചടാവാണെന്നും സമാന കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കേസില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പേര്‍ അടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂട്ടാളിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 
                                            