മലയാളത്തിലെ ആദ്യ 200 കോടി നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്

200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്.

റിലീസ് ചെയ്ത് ഒരുമാസം കഴിയും മുൻപെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി കളക്ഷൻ നേടുന്നത്. ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു.

കൊടൈക്കനാലിലെ ഗുണാ കേവ്സും അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കിയുള്ള സർവൈവൽ ത്രില്ലറാണ്. കൊച്ചിയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോകുന്നു. അവിടെയുള്ള ഒരു ഗുഹയിൽ ഒരു അപകടം സംഭവിക്കുന്നു, തുടർന്ന് സംഭവിക്കുന്നതാണ് സിനിമയുടെ കാതൽ

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമാതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *