അത്താഴവിരുന്നിൽ മമതയും സ്റ്റാലിനും പങ്കെടുത്തത് ; പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത

പ്രതിപക്ഷസഖ്യമായ ഇന്ത്യയിലെ ഇപ്പോഴത്തെ കല്ലുകടി രാഷ്ട്രതലവന്‍മാര്‍ക്കു നല്‍കിയ അത്താഴ വിരുന്നില്‍ മമതയും സ്റ്റാലിനും പങ്കെടുത്തതിലെ അസ്വാഭാവികതയാണ്.
ബി.ജെ.പി എന്ന പാര്‍ട്ടിയോട് ഒരു തൊട്ടുകൂടായ്മയും ഡി.എം.കെക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഇല്ലന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ ബാനര്‍ജി ഒരു ദിവസം മുന്‍പ് തന്നെ ഡല്‍ഹിയില്‍ എത്തി.കേന്ദ്രമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം ഒരു മുറിയിലാണ് മമതാ ബാനര്‍ജി പരിപാടിയില്‍ പങ്കെടുത്തത്. ഈ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഇത്രദൂരം ധൃതിപിടിച്ച് ഡല്‍ഹിയില്‍ എത്താന്‍ മമതാ ബാനര്‍ജിയെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്തായാലും ജി 20ഉച്ചകോടി സമാപിച്ചതോടെ ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിന്റെ വിശ്വാസ്യതയും കെട്ടുറപ്പുമാണ് ഇപ്പോള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഈ നടപടി പ്രതിപക്ഷ സഖ്യത്തിലും കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്. തങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസ്സ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.ലോകസഭയിലെ പ്രതിപക്ഷ നേതാവിനെ രാഷ്ട്രപതിയുടെ വിരുന്നിന് ക്ഷണിക്കാതിരുന്നതിനു പിന്നിലെ രാഷ്ട്രീയം മമതയും സ്റ്റാലിനും തിരിച്ചറിഞ്ഞില്ലേ എന്നതാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന ചോദ്യം

അതേ സമയം മമതയെ വിമര്‍ശിച്ച ഭാഷയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ലന്നതും ശ്രദ്ധേയമാണ്.
സനാതന ധര്‍മ പരാമര്‍ഷവുമായി ബന്ധപ്പെട്ട് സംഘപരിവാറുമായി നടത്തുന്ന ഏറ്റുമുട്ടലിനിടയിലും, വിരുന്നിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ കടുത്ത സ്റ്റാലിന്‍ വിമര്‍ശകര്‍ പോലും അഭിനന്ദിച്ചതും വേറിട്ട കാഴ്ചയായിരുന്നു.

ബി.ജെ.പിയെ ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസ്സും എതിര്‍ക്കുന്നത് തന്നെ ന്യൂനപക്ഷ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താനാണ്. ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇതേ എതിര്‍പ്പ് അവര്‍ തുടരുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ഡി എം.കെയും തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയിലേക്ക് ചാടുമോ എന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്.
അധികാര തര്‍ക്കത്തിനും തമ്മിലടിക്കും ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും പ്രതിപക്ഷ ചേരിയില്‍ തന്നെയാണ്.

അതോടൊപ്പം ജി20 ഉച്ചകോടിയുടെ വിജയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി രംഗത്ത് വന്നതും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് രാജ്യത്തിന്റെ വലിയ നയതന്ത്ര വിജയമാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗമായ തരൂര്‍ നേതൃത്വവുമായി യാതൊരു കൂടിയാലോചനയും നടത്താതെ കേന്ദ്ര സര്‍ക്കാറിനെ അഭിനന്ദിച്ചതില്‍ ,കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാതെ ഇത്തരം പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ അത് ആത്യന്തികമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *