അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ്. ഡിജിറ്റൽ തെളിവുകൾക്ക് ഇട നൽകാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീൻ ഓരോ നീക്കങ്ങളും നടത്തിയത്.
ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വർഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശമാണ് പൊലീസിന്റെ പിടിവള്ളി. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോണ്‍ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോർവേഡ് ചെയ്യുകയാണ ചെയ്തത്. മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. നവീൻ, ഭാര്യ ദേവി, സുഹൃത്തായ ആര്യ എന്നിവരാണ് മരിച്ചത്. എല്ലാത്തിനും നേതൃത്വം നൽകിയത് നവീനെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

 
                                            