ആദ്യത്തെ മൂന്ന് പ്രസവം സിസേറിയൻ ആയതിനാൽ നാലാമത്തെ കുട്ടിയുടേത് സുഖപ്രസവം നടക്കാൻ വേണ്ടി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ സുഖപ്രസവത്തിന് ശ്രമിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവിയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൂന്തുറ സ്വദേശിയായ നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാർഡ് കൗൺസിലർ ദീപിക രംഗത്തെത്തി. ഇവിടെ ഗർഭിണിയായ ഒരു യുവതിയുള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് താൻ അറിയുന്നത്. അപ്പോൾ അവർക്ക് എട്ടുമാസം ആയിരുന്നു. ഞങ്ങൾ അവിടെ എത്തിയെങ്കിലും വീടിനകത്ത് കയറാൻ അവർ അനുവദിച്ചില്ല. ഗർഭിണിയെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും വീട്ടുകാർ തയ്യാറായില്ല.
കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവൻ അടച്ചാക്ഷേപിച്ചായിരുന്നു സംസാരം. അവരുടെ മൂന്ന് കുട്ടികളെയും ആദ്യ ഭാര്യയുടെ അടുത്ത് കൊണ്ടാക്കി പിന്നീട് ഈ സ്ത്രീ ഒറ്റയ്ക്കായിരുന്നു താമസം. ഭർത്താവിനോട് വിയോജിപ്പ് കാണിച്ചാൽ ഉപേക്ഷിച്ചുപോകും എന്ന അവസ്ഥയിൽ ആയതിനാലാണ് ഭർത്താവിന്റെ നിയന്ത്രണത്തിൽ നിന്നത്. തീരെ സാമ്പത്തിക ചുറ്റുപാടില്ലാത്തതിനാൽ വീട്ടുകാർക്കും അവരെ വന്നു കൊണ്ടുപോകാൻ കഴിഞ്ഞില്ല എന്നാണ് കൗൺസിലർ പറയുന്നത്.

 
                                            