കറുത്ത കുട്ടികള്‍ ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു.

സത്യഭാമയുടെ വിവാദ പരാമര്‍ശം ഇങ്ങനെയായിരുന്നു. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റതള്ളപോലും സഹിക്കില്ലെന്നായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്‍റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. അതേസമയം, പറഞ്ഞതില്‍ ഉറച്ച് നല്‍കുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കറുത്ത നിറമുള്ളവര്‍ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു. രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ചത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു. കറുത്ത കുട്ടികള്‍ തന്‍റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *