2000 ത്തില്‍ ഷാജി കൈലാസ്-മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വല്ല്യേട്ടന്‍. മമ്മൂട്ടി, സിദ്ദീഖ്, മനോജ് കെ ജയന്‍, സായ്കുമാര്‍, സുധീഷ്, എന്‍എഫ് വര്‍ഗീസ്, ശോഭന, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസിന് ഒരുങ്ങുന്നത്. 4k ഡോള്‍ബി അറ്റ്‌മോസില്‍ ആണ് ചിത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ക്കും വല്ല്യേട്ടന്‍ വിധേയമായിട്ടുണ്ട്. അതിന് പ്രധാന കാരണം കൈരളി ചാനലിലെ സിനിമയുടെ സംപ്രേഷണമാണ്. ഏത് വിശേഷ ദിവസങ്ങളിലും പ്രധാന ചിത്രമായി കൈരളിയില്‍ വല്ല്യേട്ടന്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. മറ്റ് വിനോദ ചാനലുകള്‍ പുതിയ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ എക്കാലത്തും കൈരളിയുടെ മാസ്റ്റര്‍പീസാണ് വല്ല്യേട്ടന്‍.
രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കൈരളിയില്‍ വല്ല്യേട്ടന്‍ കാണാന്‍ കാഴ്ചക്കാരുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ കൈരളിക്ക് വല്ല്യേട്ടന്റെ ചാനല്‍ റൈറ്റ് കൊടുത്തതിനെ പറ്റി തുറന്ന് പറയുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. മനോരമ ഓണ്‍ലൈനിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൈരളി ചാനലിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് വല്ല്യേട്ടന്റെ ഷൂട്ടിംഗ് ആരംഭിച്ചത് എന്ന് ബൈജു പറയുന്നു. ‘കൈരളി ചാനല്‍ ആദ്യമായി സാറ്റലൈറ്റ് അവകാശം വാങ്ങിയ ചിത്രം ഇതാണ്.
ഈ ചാനലിന്റെ ആദ്യത്തെ സിനിമയും വല്ല്യേട്ടന്‍ ആണ്. അന്നത്തെ കാലത്ത് 15 ലക്ഷം രൂപയ്ക്കാണ് ഈ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയത്. ഇന്ന് അതുണ്ടെങ്കില്‍ 10 കോടിയാണ്,’ ബൈജു പറയുന്നു. ചാനലിന് ഒരുപാട് പൈസ അതില്‍ നിന്നും കിട്ടി. 1900 ദിവസം ചാനലില്‍ സംപ്രേഷണം ചെയ്ത സിനിമ എന്ന റെക്കോഡും വല്ല്യേട്ടനുണ്ട്. ഹോളിവുഡ് സിനിമ പോലും ഇങ്ങനെ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
