കേന്ദ്ര ബജറ്റ് കേരളത്തോടുളള അവഗണനയാണെന്നാണ് ഇന്ത്യാ മുന്നണി അടക്കം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ്. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീത ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ ഇന്ത്യാ മുന്നണിയിലെ എം.പിമാർ രാവിലെ പത്തിന് പ്രതിഷേധ ധർണ നടത്തും.
ഭരണം നിലനിർത്താനായി ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റിൽ വാരിക്കോരി നൽകിയെന്നും മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചെന്നു ഇന്ത്യാ മുന്നണി കുറ്റപ്പെടുത്തുന്നു. ബിഹാറിനും ആന്ധ്രയ്ക്കും ഉയർന്ന പരിഗണന നൽകിയായിരുന്നു മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചില്ല.
പാർലമെന്റ് സെഷൻ തുടങ്ങുമ്പോൾ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം നടത്തും. പ്രതിപക്ഷം വാക്കൗട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഇറങ്ങിപ്പോകാതെ, സംസാരിക്കാൻ അവസരം ലഭിക്കുന്ന എം.പിമാർ സഭയിൽ അവസരം വിനിയോഗിക്കണമെന്നാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റ് കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ ചിലവിൽ പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. സാധാരണക്കാർക്ക് പകരം മുതലാളിമാരെ പ്രീതിപ്പെടുത്തുന്ന ആനുകൂല്യങ്ങളാണ് ബജറ്റിലുള്ളത്. കോൺഗ്രസ് പ്രകടന പത്രികയും മുൻ ബജറ്റുകളും പകർത്തിയതാണ് ഇന്നത്തെ ബജറ്റ് എന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
അതേസമയം മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി ഇതായിരുന്നു. ‘ തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ഏത് തരത്തിലുള്ള തലോടലാണ് ബജറ്റ് നൽകിയത്. കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
