കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്.. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജിതപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.


കര്‍ശനമായ നിരീക്ഷണം തുടരുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കുക, സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷണ്‍ അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടുകൂടിയാണ് രാജ്യത്തെ കോവിഡ്കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് ഉയരുന്നത്. എന്നാല്‍ കൊവിഡ് പോസിറ്റീവ് നിരക്ക് ഇപ്പോഴും ഒരു ശതമാനത്തിനു താഴെ തന്നെയാണ്. എന്നാലും കനത്ത ജാഗ്രത കൈവരിക്കണമെന്ന് കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും. കൂടാതെ മാസ്‌ക് നിര്‍ബന്ധം ആക്കാനും സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യാനും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *