മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ലോക്സഭയില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.അതൃപ്തികള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്.

അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്‍ അത് തുറന്നു പറയുമെന്നും കെ. മുരളീധരന്‍.വിഴുപ്പലക്കലക്കുന്നത് മാലിന്യം കളയാനല്ലേയെന്നും അലക്കി വെളുപ്പിക്കുന്നതാണ് തന്റെ രീതിയെന്നും മുരളീധരന്‍ തുറന്നടിച്ചു. കെ. മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ചൊവ്വാഴ്ച കെപിസിസി ഭാരവാഹി യോഗം നടക്കാനിരിക്കെയാണ് മുരളീധരന്‍ തന്റെ പ്രതികരണവുമായി വീണ്ടും രംഗത്ത് വന്നത്.

പാര്‍ലമെന്റിലേക്ക് പോകില്ലെന്നല്ല മത്സരരംഗത്തേക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ വ്യക്തമാക്കി. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്രൂരമായ പെരുമാറ്റം നേരിടേണ്ടി വന്നെന്നും അദ്ദേഹത്തോട് തെറ്റു ചെയ്തെന്നും നിഷ്പക്ഷമായ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തി പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പറഞ്ഞു.

രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാം കോടതിയില്‍ പോകാം ഇതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെക്കൊണ്ടു അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും മുരളീധരന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ മുരളീധരന്‍ കഴിഞ്ഞ ദിവസം ശക്തമായ പ്രതികരണം നടത്തിയിരുന്നു. സ്ഥിരം സ്റ്റാര്‍ ആയതുകൊണ്ട് താരപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പ്രശ്നമില്ല. ആരോടും ഇക്കാര്യത്തില്‍ പരിഭവം പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുരളീധരന്‍ നടത്തിയ പ്രതികരണം.

പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുന്നു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് സാധ്യമല്ല. അതിനാല്‍ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. മുന്‍പ് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. വടകരയില്‍ ആര് നിന്നാലും യുഡിഎഫിന് ജയിക്കാമെന്നും പ്രചരണത്തിന് താനും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവിന്റെ ഉപദേശമായി മാത്രം അതിനെ കണ്ടാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി. കെ.മുരളീധരന്‍ കോണ്‍ഗ്രസിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണെന്നായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. ”യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്ന മുരളീധരന്റെ പ്രസ്താവനയെ മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കാണുന്നു. അദ്ദേഹത്തിനെ പോലെ മുതിര്‍ന്ന നേതാക്കളുടെ ഉപദേശം പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ അത്യാവശ്യമാണ്. അദ്ദേഹം തിരിഞ്ഞു നിന്നു പറയുന്നതും പാര്‍ട്ടി അതിന്റേതായ ഗൗരവത്തോടെ തന്നെ പരിഗണിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *