ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും മനസ് തുറന്ന് നടി ഹണി റോസ്. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ മനസ് തുറന്നത്. അടുത്തകാലത്തായി അഭിനയത്തെക്കാളുപരി ഉദ്‌ഘാടന പരിപാടികളിലാണ് താരം പങ്കെടുക്കുന്നതെന്ന പ്രേക്ഷകരുടെ വിമർശനം ഉയരുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.
സിനിമയിൽ വന്ന കാലം തൊട്ടേ താൻ ഉദ്‌ഘാടന പരിപാടികൾക്ക് പോവാറുണ്ടെന്നായിരുന്നു ഹണി റോസ് പറഞ്ഞത്. എന്നാൽ കോവിഡിന് ശേഷമാണ് ആളുകൾ കൂടുതലായി ശ്രദ്ധിച്ചത്. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്‌തി ലഭിച്ചത്. ആദ്യകാലത്തൊന്നും ഓൺലൈൻ മീഡിയകൾ വന്ന് ഉദ്‌ഘാടനമൊന്നും ഷൂട്ട് ചെയ്യാറില്ല. അതുകൊണ്ട് ഇപ്പോൾ ഉദ്‌ഘാടനം ചെയ്‌താൽ നാട്ടുകാർ മുഴുവൻ അറിയും; ഹണി പറയുന്നു.
ഇതിന് പിന്നാലെ മാസം എത്ര ഉദ്‌ഘാടനങ്ങൾ വരുമെന്ന ചോദ്യവുമായി നടൻ ബാബുരാജ് രംഗത്തെത്തി. എന്നാൽ അധികമൊന്നും ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി. ‘വളരെ കുറവേ ഉള്ളൂ. കേരളത്തിൽ എല്ലാ തരത്തിലുള്ള കടകളുടെയും ഉദ്‌ഘാടനത്തിന് വിളിക്കാറുണ്ട്. തെലുഗിൽ ജ്വല്ലറി, തുണിക്കട എന്നിവ മാത്രമേ ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളൂ. ഒരിക്കൽ പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ എന്നെ വിളിച്ചിട്ടുണ്ട്. അവിടെ എന്താണ് ഉദ്‌ഘാടനം ചെയ്യാൻ ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ലെന്ന് തമാശരൂപേണ ഹണി റോസ് പറഞ്ഞു. ഉദ്‌ഘാടനം ചെയ്യാൻ പോവുന്ന സമയത്ത് ഇത്രയധികം ആളുകൾ കൂടുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഹണി റോസ് പറഞ്ഞു. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി.
അതേസമയം വിവാഹസ്വപ്നത്തെ കുറിച്ചും നടി വെളിപ്പെടുത്തി. ചേരുന്ന ഒരാൾ വന്നാൽ വിവാഹം കഴിക്കും.കുട്ടിക്കാലത്ത് സങ്കൽപ്പങ്ങൾ ഒരുപാടുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ കണ്ടുപിടിച്ചാൽ നല്ലതാണ്. വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. നമ്മുടെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുന്ന ഒരു വ്യക്തിയായിരിക്കരുത്. സ്വാർത്ഥത ഉണ്ടാകരുത് എന്നൊക്കെയാണ് താരം പറഞ്ഞത്.

 
                                            