മലയാള സീരിയലുകൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്തെതി. സീരിയലുകൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണെന്നും, ഈ മേഖലയിലും സെൻസറിങ് അത്യാവശ്യമാണെന്നും പി സതീദേവി പറഞ്ഞു. സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേർ നിലവിലുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയതെന്നും ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. പാലക്കാട്ടെ പാതിരാ പരിശോധനയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും പി സതീദേവി പ്രതികരിച്ചു.
അതേസയമം പാലക്കാട് കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനയ്ക്കിടെ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയതില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് നടപടി. മുറികളിലുണ്ടായിരുന്ന വനിത നേതാക്കാള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് പൊലീസിന്റെ രാത്രി പരിശോധന നടന്നത്.
ഹോട്ടലില്‍ ഷാനിമോള്‍ ഉസ്മാന്‍ തനിച്ചായിരുന്നപ്പോള്‍ ഐഡി കാര്‍ഡ് പോലും കാണിക്കാതെ വനിതാ പൊലീസിനോടൊപ്പമല്ലാതെ പുരുഷ പൊലീസ് മാത്രമായി പരിശോധനയ്‌ക്കെത്തി എന്നതായിരുന്നു പരാതി. വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടെങ്കിലേ പരിശോധിക്കാനാകൂ എന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തിരുന്നു.
പുരുഷ പൊലീസ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ബാഗുകള്‍ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേടൊപ്പം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ സീരിയല്‍ മേഖലയിലെ സ്ത്രീകളുടെ കാര്യവും ചർച്ചയായത്.
