ചൈനീസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നാണ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള മിഡില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധികൃതര്‍ പറയുന്നത്.പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാമെന്നും കൗണ്‍സിലിംഗില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തിയ കൗണ്‍സിലിംഗ് അധികം വൈകാതെ സോഷ്യല്‍ മീഡിയയിലെല്ലാം പ്രചരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
അമിത ലൈംഗികാസക്തി മൂലമാണ് ലൈംഗികപീഡനങ്ങള്‍ ഉണ്ടാകുന്നതെന്നും പുരുഷന്മാരെ ഇതിന് പ്രേരിപ്പിക്കുന്നത് സ്ത്രീകളുടെ വശീകരണ സ്വഭാവവും വസ്ത്രധാരണവുമാണെന്നുമാണ് കൗണ്‍സിലിംഗിലൂടെ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. കൗണ്‍സിലിംഗ് പുറംലോകം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
ജനരോഷം കനത്തതോടെ കൗണ്‍സിലിംഗിലെ ഉള്ളടക്കം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഗുരുതരമായ കുഴപ്പങ്ങള്‍ക്കിത് വഴി വയ്ക്കുമെന്നും കാട്ടി വിദ്യാഭ്യാസവകുപ്പ് പ്രസ്താവനയിറക്കി. എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെയു വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കൗണ്‍സിലിംഗിനുപയോഗിച്ച മെറ്റീരിയലുകള്‍ കയ്യബദ്ധമല്ലെന്നും പുരുഷാധിപത്യ വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു

 
                                            