‘ഗാലക്‌സി ഓഫ് മ്യൂസിഷ്യന്‍സ്’ വനിതാ ദിനത്തില്‍ രവിവര്‍മ്മ ചിത്രത്തിന്റെ നൃത്തശില്‍പ്പം

വുമണ്‍സ് വീക്ക്’  (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം

കോവളം: കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ (KACV) ഒരാഴ്ചയായി നടന്നുവന്ന ‘വൗ വുമണ്‍സ് വീക്ക്’ (“WOW”- Women’s Week) ആഘോഷങ്ങള്‍ക്ക് സമാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ടിക്കര്‍ (Tiqr) ഇവന്റ്‌സുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സമാപന വേദിയില്‍ അവതരിപ്പിച്ച ‘ഗാലക്‌സി ഓഫ് മ്യൂസിഷ്യന്‍സ്’ എന്ന നൃത്തശില്പം കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വരച്ച രാജാ രവിവര്‍മ്മയുടെ വിഖ്യാത ചിത്രം അരങ്ങിലെ നൃത്തരൂപങ്ങളുമായി സംഗമിച്ചപ്പോള്‍, ക്യാന്‍വാസിലെ നിശ്ചല സൗന്ദര്യം വേദിയില്‍ ജീവന്‍ തുടിക്കുന്ന ദൃശ്യവിരുന്നായി മാറി.

രവിവര്‍മ്മയുടെ 1889ലെ ഐതിഹാസിക ചിത്രം ആസ്പദമാക്കി ഒരുക്കിയ അറുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തനാടകമായിരുന്നു അവസാന ദിനത്തിലെ പ്രധാന ആകര്‍ഷണം. സുമേഷ് കെ.എസ് സംവിധാനവും കലാമണ്ഡലം സുജാത നൃത്തസംവിധാനവും നിര്‍വ്വഹിച്ച നൃത്തശില്‍പ്പം ഭാരതീയ കലകളുടെ ദൃശ്യവിരുന്നായിരുന്നു. കേരള കലാമണ്ഡലത്തിലെ കലാകാരികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ ചേര്‍ന്ന് രവിവര്‍മ്മ ചിത്രത്തിലെ നിശ്ചലരൂപങ്ങള്‍ക്ക് ജീവന്‍ നല്‍കി. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളും ലാവണി, ഗര്‍ബ, ഫ്‌ലെമെന്‍കോ തുടങ്ങിയ അന്താരാഷ്ട്ര കലാരൂപങ്ങളും സമന്വയിപ്പിച്ച ദൃശ്യവിരുന്ന് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ വേദിയില്‍ അടയാളപ്പെടുത്തി.

പാരമ്പര്യവും ആധുനികതയും കൈകോര്‍ത്ത ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്കായിരുന്നു ക്രാഫ്റ്റ്‌സ് വില്ലേജ് സാക്ഷ്യം വഹിച്ചത്. മാര്‍ച്ച് 6ന് ആധുനിക നൃത്തശൈലിയിലുള്ള ‘ഗോസിപ്പ്’ എന്ന നൃത്തശില്പത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് മാര്‍ച്ച് 7ന് നടന്ന ‘രംഗോത്സവ് 2026’ ഹോളി ആഘോഷങ്ങളില്‍ നാടന്‍ ഡോള്‍ മേളവും ആധുനിക ഡിജെലേസര്‍ ദര്‍ബുക പ്രകടനങ്ങളും ആവേശം വിതറി. പരിസ്ഥിതി സൗഹൃദമായ ഹെര്‍ബല്‍ നിറങ്ങള്‍ ഉപയോഗിച്ചായിരുന്നു ആഘോഷം.

വനിതാ ദിനത്തില്‍ അവതരിപ്പിച്ച ‘ഗാലക്‌സി ഓഫ് മ്യൂസിഷ്യന്‍സ്’ പ്രകടനത്തിന്റെ അവസാനം കലാകാരികള്‍ രവിവര്‍മ്മയുടെ യഥാര്‍ത്ഥ പെയിന്റിംഗിന് സമാനമായ രീതിയില്‍ ഒരു നിശ്ചല ദൃശ്യമായി(Tableau)  മാറിയത് കാണികളെ ആവേശത്തിലാഴ്ത്തി. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായി മാറിയ ഈ നിമിഷം പാരമ്പര്യത്തെ പുതിയൊരു ദൃശ്യഭാഷയിലൂടെ വരുംതലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്ന് ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു. ശ്രീപ്രസാദ് പറഞ്ഞു.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലൈറ്റിംഗും തത്സമയ സംഗീതവും നല്‍കി ചരിത്രപ്രസിദ്ധമായ ആ ചിത്രത്തിന് പുതുജീവന്‍ നല്‍കിയപ്പോള്‍, ക്രാഫ്റ്റ്‌സ് വില്ലേജ് ഒരിക്കല്‍ കൂടി കലകളുടെ സമാനതകളില്ലാത്ത സംഗമവേദിയാവുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *