കോൺഗ്രസിൽ നിന്നും ഇതാ വീണ്ടും പാർട്ടി മാറ്റം. പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബാണ് പാർട്ടി സിപിഐഎമ്മിലേക്ക് പോയത്. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.
ഈ കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞു. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.പി.സരിൻ്റെ വിജയത്തിനായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള്‍ സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്.
കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നും ഒഴിവായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര എംപി ഷാഫി പറമ്പില്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും പാര്‍ട്ടി വിട്ടിരുന്നു. സരിന്‍ സിപിഐഎമ്മിന് വേണ്ടി പാലക്കാടും എന്‍ കെ സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിലും മത്സരിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നു.

 
                                            