ഇ പി ജയരാജന് യുഡിഎഫിലേക്ക് ക്ഷണം

ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇടത് പക്ഷത്തു നിന്നും ഇ.പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നായിരുന്നു പ്രതികരണം. ഇ പി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും എം എം ഹസൻ വ്യക്തമാക്കി. ഇ.പി ജയരാജൻ മുറിവേറ്റ സിംഹമാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നത്. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ പി ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.

അതേസമയം വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാൻ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, ഇപിയുടെ ആത്മകഥയില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജന്‍ പറയുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പി സരിൻ പരിഹസിച്ചു.തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ ആത്മകഥ.

Leave a Reply

Your email address will not be published. Required fields are marked *