ലഹരി കേസ്; നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി

ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടുന്നത്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് നിർദേശം നല്‍കിയിരുന്നു.

പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല. പ്രയാഗയുടെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. രാവിലെ എത്താനായിരുന്നു നിര്‍ദേശം. ഇന്ന് തന്നെ പ്രയാഗ സ്റ്റേഷനില്‍ എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്‍റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസലിന്‍റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഹോട്ടൽ മുറിയിലെ ഫോറൻസിക്ക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും കൊച്ചിയിലെ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഓം പ്രകാശുണ്ടായിരുന്ന മുറിയിലെത്തിയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ ഇരുപത് പേര്‍ വേറെയുമുണ്ടായിരുന്നു. മുറിയില്‍ ലഹരിപാര്‍ട്ടി നടന്നെന്ന് ഉറപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയത്. റിമാൻൻഡ് റിപ്പോർട്ടിൽ പേരുള്ള 20 പേരിൽ മറ്റ് ചിലരെയും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിൽ ലഹരിയുടെ അംശം കണ്ടെത്തി എന്നാണ് വിവരം. കേസിന്റെ പുരോഗതിയിൽ ഈ റിപ്പോർട്ട് ഗുണം ചെയ്യും.

കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡി ജെ ഷോയിൽ പങ്കെടുക്കാൻ എന്ന പേരിൽ സെവൻ സ്റ്റാർ ഹോട്ടലിൽ മുറി എടുത്താണ് ലഹരി ഉപയോഗമെന്നാണ് പൊലീസ് പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിൽ ബുക്ക്‌ ചെയ്ത മുറിയിൽ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു. എല്ലാത്തിനും ചുക്കാൻ പിടി‌ച്ചതും പാർട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവൻ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയിൽ എത്തിയതെന്നും പൊലീസ് പറയുന്നു. ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *