ഷാരോണിനെ കൊന്നതില്‍ ഗ്രീഷ്മക്ക് പശ്ചാത്താപമോ?

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പുറത്തിറങ്ങി. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്നലെയാണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ഗ്രീഷ്മ പുറത്തിറങ്ങിയത്. റിലീസിംഗ് ഓര്‍ഡറുമായി മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയതോടെ വൈകീട്ട് ഗ്രീഷ്മ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയത് കഴിഞ്ഞ 15 നാണ്. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ ഗ്രീഷ്മയ്ക്ക് ചുറ്റും കൂടിയെങ്കിലും കൂടുതലൊന്നും പ്രതികരിക്കാന്‍ പ്രതി തയ്യാറായില്ല. അടുത്ത നടപടി കാര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

അതിനിടെ തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം എന്നും എനിക്ക് നിങ്ങളോടൊന്നും പറയാനില്ല,’ എന്നുമായിരുന്നു ഗ്രീഷ്മ പറഞ്ഞത്. ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണോ എന്ന് ചോദ്യത്തോട് അത്കോടതിയില്‍ ഉള്ള കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയും കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞത്.

ചെയ്തതില്‍ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഗ്രീഷ്മ കാറില്‍ കയറി പോകുകയായിരുന്നു. 2022 ഒക്ടോബറിലായിരുന്നു ഗ്രീഷ്മ കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. പുതിയ വിവാഹം കഴിക്കാനായി ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൃത്യം ആസൂത്രണം ചെയ്തത്. തമിഴ്‌നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് ഒക്ടോബര്‍ 14 നാണ് ഗ്രീഷ്മ ഷാരോണിന് വിഷം കലര്‍ത്തിയ കഷായം കൊടുത്തത്.

അസ്വസ്ഥത അനുഭവപ്പെട്ട ഷാരോണ്‍ ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് മുമ്പും ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഒരിക്കല്‍ ജ്യൂസില്‍ പാരസെറ്റമോള്‍ കലര്‍ത്തി ഗ്രീഷ്മ കൃത്യം ആസൂത്രണം ചെയ്തിരുന്നു. അന്നും അസ്വസ്ഥകള്‍ പ്രകടിപ്പിച്ച ഷാരോണിനെ ആശുപത്രിയിലാക്കിയെങ്കിലും രക്ഷപ്പെട്ടു.

ഇതിന് ശേഷമാണ് കഷായത്തില്‍ വിഷം നല്‍കിയത്. സംഭവം അറിഞ്ഞ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ഇവരെ കൂട്ടുപ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും അടക്കം ഉപാധികളോടെയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയില്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം പ്രതി ഹാജരാകണം എന്നും നിലവിലെ വിലാസവും ഫോണ്‍ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്നും വ്യവസ്ഥയുണ്ട്. വിചാരണയില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *