സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി ; വകുപ്പുകൾ മാറും

സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
സോളാര്‍ വിവാദ പശ്ചാത്തലത്തില്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നതില്‍ സി.പി.എം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോര്‍ജ് സ്പീക്കറായേക്കുമെന്നാണ് സൂചന.

പുനസംഘടന നവംബറില്‍ നടക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും സ്ഥാനം ഒഴിയും. കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും. എ.കെ ശശീന്ദ്രനില്‍ നിന്ന് വനം വകുപ്പ് ഗണേഷിന് നല്‍കിയേക്കും എന്നാണ് സൂചന. ഗതാഗത വകുപ്പ് എകെ ശശീന്ദ്രനും നല്‍കിയേക്കും എന്ന സൂചനയും നല്‍കുന്നുണ്ട്. സിപിഎം മന്ത്രിമാരിലും മാറ്റം വന്നേക്കും.

അഹമ്മദ് ദേവര്‍ കോവില്‍ ഒഴിയുന്ന സ്ഥാനത്തേക്കായിരിക്കും രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ഉള്‍ക്കൊള്ളിക്കുക. ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് ലഭിക്കുക ആന്റണി രാജു കൈവശം വെച്ചിരിക്കുന്ന ഗതാഗതം ഉള്‍പ്പെടേയുള്ള വകുപ്പുകളായിരിക്കും. എന്നാല്‍ തനിക്ക് ഗതാഗതത്തിന് പകരം വനം വകുപ്പ് വേണമെന്നാണ് ഗണേഷിന്റെ ആവശ്യം.

എന്നാല്‍ സമീപ കാലത്തെ വിവാദങ്ങളും സഹോദരിയുടെ പരാതികളും വീണ്ടും ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ളതിനാല്‍ കെബി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വൈകിയേക്കും.ഒരു അംഗമുള്ള മറ്റ് പാര്‍ട്ടികളെ പരിഗണിച്ചപ്പോള്‍ തങ്ങളെ മാത്രം തഴഞ്ഞെന്ന പരാതിയുള്ള എല്‍ ജെ ഡിയും മന്ത്രി സ്ഥാനം ചോദിക്കും. ഇതിനായി എംവി ശ്രേയാംസ് കുമാര്‍ തന്നെ എല്‍ ഡി എഫ് യോഗത്തിലേക്ക് എത്തിയേക്കും.

അതെ സമയം മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല.ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലത്. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നതിന് വിരുദ്ധമാണ് വാര്‍ത്തകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്.

Leave a Reply

Your email address will not be published. Required fields are marked *