ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമൊകി കൊണ്ട് ഓറ്റ തവണയായി ശമ്പളമെത്തി. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്.
നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

 
                                            