മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നു വിചാരണയിലാണ് വ്യക്തമാകേണ്ടതെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഇതോടെ, ശ്രീറാം വെങ്കിട്ടരാമന് നരഹത്യാക്കുറ്റത്തിനു വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായി.
കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറായിരുന്നു ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് .
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. ഹൈക്കോടതി കേസില്‍ ശ്രീറാമിനൊപ്പം കാറില്‍ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം നേരത്തെ ഒഴിവാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ 11 ന് ശ്രീറാം നേരിട്ട് ഹാജരാകണം.

 
                                            