ബംഗ്ലൂരുവിൽ നാലു വയസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ,പൊലീസ് അന്വേഷണം നിർത്തിയെന്ന് പരാതിയുമായി കുട്ടിയുടെ കുടുംബം. കേസിൽ ആരോപണ വിധേയരായ സ്കൂൾ ചെയർമാനെയും, സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാൻ പോലും ബെംഗലൂരു പൊലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. കേസിൽ നിന്ന് പിന്തിരിയാൻ, സ്കൂൾ പ്രിൻസിപ്പൽ പല വഴികളിലൂടെ സമ്മർദം ചെലുത്തുന്നുണ്ടെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി. കുഞ്ഞിന് നീതി കിട്ടാൻ ജസ്റ്റിസ് ഫോർ ജിയന്ന എന്ന പേരിൽ നവമാധ്യമ ക്യാമ്പയിൻ തുടങ്ങിയിരിക്കുകയാണ് കുടുംബം.
മകളെങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് വിശ്വസനീയമായൊരുത്തരം ഇനിയും കിട്ടിയിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് ബംഗലൂരുവിലെ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിനി ജിയന്ന ആൻ ജിറ്റോ എന്ന നാലു വയസുകാരി സ്കൂളിൻറെ മൂന്നാം നിലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു മരിച്ചത്.
സ്കൂളിൽ ആയയായി ജോലി ചെയ്തിരുന്ന പതിനാറു വയസുകാരി കുഞ്ഞിനെ ബോധപൂർവം അപായപ്പെടുത്തിയതാണെന്ന സംശയം സാഹചര്യ തെളിവുകളുടെ പിൻബലത്തോടെ കുടുംബം പൊലീസിനെ അറിയിച്ചതുമാണ്. ആരോപണ വിധേയയായ ആയയ്ക്കും സ്കൂൾ മാനേജർ തോമസ് ചെറിയാനുമെതിരെ കേസെടുത്തതൊഴിച്ചാൽ പിന്നെ ഒന്നും പൊലീസ് ചെയ്തിട്ടില്ല. കർണാടക ഡിജിപിയെയടക്കം നേരിൽ കണ്ടിട്ടും എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതോടൊപ്പം കുഞ്ഞിന് നീതി കിട്ടാൻ കേരളത്തിലെ സർക്കാർ തലത്തിലും രാഷ്ട്രീയ പാർട്ടികളുടെ തലത്തിലുമുളള പിന്തുണയും ആവശ്യപ്പെട്ടിരിക്കുകയാണ്.

 
                                            