ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത്, ആഗോള – ദേശീയ കോവിഡ്-19 സാഹചര്യം, വ്യാപിച്ച പുതിയ വകഭേദങ്ങള്‍, അവയുടെ പൊതുജനാരോഗ്യ ആഘാതം എന്നിവ അവലോകനം ചെയ്യുന്നതിനു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
നിതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഓഫീസ് ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ശ്രീ സുധാംശ് പന്ത്, ഡിഎച്ച്ആര്‍ സെക്രട്ടറിയും ഐസിഎംആര്‍ ഡിജിയുമായ ശ്രീ രാജീവ് ബഹല്‍, ബയോടെക്‌നോളജി സെക്രട്ടറി ശ്രീ രാജേഷ് എസ് ഗോഖലെ, പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങളായ BA.2.86 (പിറോള), EG.5 (എറിസ്) എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ, ആഗോളതലത്തിലെ കോവിഡ്-19 സാഹചര്യത്തെക്കുറിച്ചു മൊത്തത്തിലുള്ള വിവരം ആരോഗ്യ സെക്രട്ടറി നല്‍കി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുപ്രകാരം 50ലധികം രാജ്യങ്ങളില്‍ EG.5 (എറിസ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. BA.2.86 (പിറോള) വകഭേദം നാലു രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 7 ദിവസത്തിനിടെ ആഗോളതലത്തില്‍ പുതുതായി 2,96,219 പേര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള ജനസംഖ്യയുടെ ഏകദേശം 17% സംഭാവന ചെയ്യുന്ന ഇന്ത്യയില്‍ 223 പേര്‍ക്കു (ആഗോളതലത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 0.075%) മാത്രമാണു കഴിഞ്ഞ ആഴ്ചയില്‍ രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന ശരാശരി രാജ്യത്തുടനീളം 50ല്‍ താഴെ തുടരുകയാണെന്നും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.2 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താന്‍ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വ്യാപിച്ചിട്ടുള്ള വ്യത്യസ്ത വകഭേദങ്ങളുടെ ജനിതക ശ്രേണീകരണത്തെക്കുറിച്ചുള്ള അവലോകനവും അദ്ദേഹം നല്‍കി.
രാജ്യത്തു കോവിഡ്-19 സ്ഥിതി മാറ്റമില്ലാതെ തുടരുകയും രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ സജ്ജമായി തുടരുകയും ചെയ്യുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് ILI/SARI കേസുകളുടെ പ്രവണതകള്‍ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന്, വിശദമായ ചര്‍ച്ചകള്‍ക്കുശേഷം, ഡോ. പി കെ മിശ്ര പറഞ്ഞു. മൊത്തത്തിലുള്ള ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കുന്നതിനൊപ്പം കോവിഡ്-19 പരിശോധനയ്ക്കായി മതിയായ സാമ്പിളുകള്‍ അയക്കണമെന്നും ആഗോളതലത്തിലെ പുതിയ വകഭേദങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
                                            