കന്നഡ ചിത്രത്തിനെതിരെ നഷ്ടപരിഹാരംആവശ്യപ്പെട്ട് നടി

കന്നഡ ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദന. കന്നഡ ചിത്രമായ ഹോസ്റ്റല്‍ ഹുഡുഗാരി ബെക്കഗിഡ്ഡരെ എന്ന ചിത്രത്തിനെതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചു. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നാണ് ആരോപണം.

ഒരു കോടി നഷ്ടപരിഹാരമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ദിവ്യ സ്പന്ദന ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രമ്യയുടെ പരാതിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ എല്ലാ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബെംഗളൂരു കോടതി ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ചിത്രത്തില്‍ രമ്യയുടെ പേര്, ദൃശ്യങ്ങള്‍ എന്നിവ കാണിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.

ഹോസ്റ്റല്‍ ഹുഡുഗാരു ബെക്കഗിഡ്ഡരെയുടെ അണിയറ പ്രവര്‍ത്തകര്‍ ദിവ്യയുടെ ദൃശ്യങ്ങളോ, ചിത്രങ്ങളോ, ചിത്രത്തില്‍ ഉള്‍പ്പെടുത്തി റിലീസ് ചെയ്യാന്‍ പാടില്ല. അതെല്ലാം നീക്കം ചെയ്യണമെന്നും അഡീഷണല്‍ സിറ്റി സിവില്‍ സെഷന്‍ ജഡ്ജി രവീന്ദ്ര ഹെഗ്ഡെ പറഞ്ഞു. തന്റെ പേരോ, തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങളോ, പ്രസ് റിലീസുകളോ, വീഡിയോകളോ, പോസ്റ്ററുകളോ, പരസ്യങ്ങളോ, ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും രമ്യ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍ കൃഷ്ണമൂര്‍ത്തി, ക്യാമറാമാന്‍ അരവിന്ദ് കശ്യപ്, നിര്‍മാണ കമ്പനികള്‍, എന്നിവര്‍ക്കെല്ലാം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് താന്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് സംവിധായകന്‍ നിതിന്‍ പറഞ്ഞു. രണ്ട് ദിവസം മാത്രമാണ് ചിത്രത്തിന്റെ റിലീസിനുള്ളത്. തന്റെ ടീമിനോട് ആലോചിച്ച ശേഷം ഈ വിഷയത്തില്‍ പ്രതികരിക്കാമെന്നും നിതിന്‍ പറഞ്ഞു.

അതേസമയം ചിത്രത്തില്‍ രമ്യയും, റിഷഭ് ഷെട്ടിയും അതിഥി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂലായ് 21നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രമ്യയുടെ നോട്ടീസ് ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോ ഷൂട്ടില്‍ എല്ലാം രമ്യ പങ്കെടുത്തിരുന്നു. എന്നിട്ടും അവര്‍ വക്കീല്‍ നോട്ടീസയച്ചത് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ സെലിബ്രിറ്റി-പബ്ലിസിറ്റി അവകാശങ്ങള്‍ ചൂണ്ടിക്കാണിച്ച്, പകര്‍പ്പാവകാശ നിയമ പ്രകാരമാണ് അവര്‍ കോടതിയെ സമീപിച്ചത്.

ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ അനുമതി ഇല്ലാതെ ചിത്രങ്ങളും, ദൃശ്യങ്ങളും പ്രചരിപ്പിക്കാന്‍ പാടില്ലെന്നാണ് നടി പറയുന്നത്. നേരത്തെ ഇവരുടെ പ്രൊമോ ചിത്രത്തില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞതാണെന്ന് നടി അണിയറപ്രവര്‍ത്തകരോട് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെയാണ് നടി നിയമനടപടികള്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *