തിരുവനന്തപുരം: പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മൃഗ ഡോക്‌ടറില്‍ നിന്നും ഉറവിടം വ്യക്തമല്ലാത്ത 5,700 രൂപ പിടികൂടി. ഓഫിസിനകത്ത് നിന്നും ഇറച്ചിക്കോഴിയും കണ്ടെത്തി.എന്നാല്‍, ഇറച്ചിയിലെ ബ്ലഡ് സാമ്പിളുകള്‍ പരിശോധിക്കാനാണ് ഇത് ഓഫിസില്‍ സൂക്ഷിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനോട് പറഞ്ഞത്. ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴിയെയും പരിശോധിക്കാതെ കടത്തിവിടുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

വിജിലന്‍സ് എസ്‌ഐയു-2 യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി ഓഫീസ് മുറികളിലും കാറിനുള്ളിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലന്‍സ് സംഘം കണ്ടെടുത്തു. പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തി വിടാനായി ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആണ് കോഴികളെ സ്വീകരിച്ചിരുന്നത്.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി കൊണ്ടുവരുന്ന കോഴികള്‍ക്കും മൃഗങ്ങള്‍ക്കും അസുഖങ്ങളൊന്നും ഇല്ലെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്. എന്നാല്‍ ഇത് പലപ്പോഴും കൃത്യമായി നടക്കാത്ത അവസ്ഥയാണുള്ളത്. ഇത് സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
