വിശ്വസിക്കാന്‍ പ്രയാസമുള്ള നിരവധി കഥകളുണ്ട് ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനു പിന്നിലും. ഇത്തരം കഥകള്‍ മതഭേദമന്യേ, രാജ്യമെങ്ങുമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നു.ഇതേപോലെ നിഗൂഢതയും കഥകളും കൊണ്ട് വലയം ചെയ്യപ്പെട്ട ഇന്ത്യയിലെ ആരാധനാലയങ്ങളില്‍ ഒന്നാണ് ആഗ്രയിലെ ശ്രീ രാജേശ്വര്‍ മഹാദേവ് ക്ഷേത്രം.
ഏകദേശം എണ്ണൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം ആഗ്രയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രമാണ്. ഇവിടെയെത്തി മനമുരുകി പ്രാര്‍ത്ഥിക്കുന്നവരുടെ ആഗ്രഹങ്ങള്‍ രാജേശ്വരനായ ശിവഭഗവാന്‍ സാധിച്ച് തരുമെന്നാണ് വിശ്വാസം. ദിവസത്തില്‍ മൂന്ന് തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. രാവിലെ, ഉച്ച. വൈകിട്ട്, എന്നീ മൂന്ന് നേരങ്ങളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് നിറംമാറ്റം സംഭവിക്കുന്നത്.
പുലര്‍ച്ചെയുള്ള ആരതി സമയത്ത് ശിവലിംഗത്തിന് വെളുത്ത നിറമാണ്.ശിവന്റെ ഈ രൂപം ദര്‍ശിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമാധാനം ലഭിക്കുന്നു.ഉച്ചനേരത്ത് ആരതി സമയത്ത് ശിവലിംഗം ഇളംനീല നിറത്തിലേക്ക് മാറുന്നു. ഈ സമയത്ത് ശിവന്‍ നിലകണ്ഠ രൂപത്തിലാണ് കാണപ്പെടുന്നത്.വൈകിട്ടത്തെ ആരതി ആകുമ്പോഴേയ്ക്കും പിങ്ക് നിറവും ആയിട്ടുണ്ടാവും.ഇത് കാണുന്നത് ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.സാധാരണയായി പഞ്ചസാര, തേന്‍, പൂക്കള്‍, പാല്‍, ഗംഗാജലം എന്നിവ കൊണ്ടാണ് ശിവന് പൂജ നടത്തുന്നത്.അതിശയിപ്പിക്കുന്ന ഈ കാഴ്ച നേരിട്ടു കാണുവാന്‍ ദൂരദേശങ്ങളില്‍ നിന്നു പോലും വിശ്വാസികള്‍ എത്തുന്നു.
പ്രധാനമായും ശ്രാവണ മാസമായ ജൂലൈ- ആഗസ്റ്റ് വരെയുള്ള സമയങ്ങളിലാണ് ഈ പുണ്യപുരാതന ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ ഒഴുകുന്നത്.
രാജസ്ഥാനില്‍ നിന്നുള്ള ഒരു കച്ചവടക്കാരന് നര്‍മ്മദാ നദിയില്‍ നിന്ന് ഒരു ശിവലിംഗം ലഭിച്ചു. ഇത് തന്റെ നാട്ടില്‍ പ്രതിഷ്ടിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
യാത്രയ്ക്കിടെ ക്ഷീണം മാറ്റുവാന്‍ ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്തുവെച്ച് അദ്ദേഹം കുറച്ചുനേരം മയങ്ങി. മയക്കത്തില്‍ ശിവന്‍ കച്ചവടക്കാരന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ഈ ഉറങ്ങുന്ന സ്ഥലത്ത് തന്നെ ശിവലിംഗ പ്രതിഷ്ഠ നടത്തണം എന്നാവശ്യപ്പെട്ടു.
പിറ്റേ ദിവസം ഉറക്കമുണര്‍ന്ന കച്ചവടക്കാരന്‍ രാത്രി കണ്ടെത് സ്വപ്നമാണെന്ന് ധരിച്ച് തന്റെ കാളവണ്ടിയില്‍ ശിവലിംഗം എടുത്തു കയറ്റി വച്ചു. എന്നാല്‍ കാളകള്‍ വണ്ടി വലിക്കാന്‍ തയ്യാറായില്ല. വണ്ടിയിലെ ശിവലിംഗം താഴെ നിലത്തേക്ക് വീണു. കച്ചവടക്കാരന്‍ ശിവലിംഗം ഉയര്‍ത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, പലരും ഈ ശിവലിംഗം അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു. തുടര്‍ന്ന് അന്നത്തെ രാജാവ്, ഈ സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിയാന്‍ ഉത്തരവിട്ടു. അങ്ങനെയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.

 
                                            