മലയാളക്കര കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അമ്പത്തിനാലാമത് പുരസ്‌കാരങ്ങളായിരുന്നു ഇത്തവണ പ്രഖ്യാപിച്ചത്. മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ മികച്ച നടന് വേണ്ടി മുന്‍നിര താരങ്ങള്‍ തമ്മിലായിരുന്നു മത്സരം.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനുമടക്കം നിരവധി താരങ്ങളാണ് മികച്ച നടനായി പരിഗണിക്കപ്പെട്ടത്. പ്രതീക്ഷകള്‍ക്കിടയില്‍ പൃഥ്വിരാജ് സുകുമാരന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം എന്ന സിനിമയിലെ പ്രകടനമായിരുന്നു പൃഥ്വിരാജിന് അംഗീകാരം നേടി കൊടുത്തത്. ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നിത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മേക്കോവറിലേക്ക് പൃഥ്വിരാജ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലമായിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം നടനെ തേടി എത്തിയിരിക്കുന്നത്.
അതേസമയം ഈ പുരസ്‌കാരം സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അർഹതയുള്ളതാണെന്നും ഈ പുരസ്‌കാരം ലഭിച്ച വേളയിൽ ഏറ്റവുമധികം ഓർക്കുന്നത് നജീബിനെയും ബെന്യാമിനെയും ഈ സിനിമയ്ക്കു വേണ്ടി തന്റെ ജീവിതത്തിലെ 16 വർഷങ്ങൾ സമർപ്പിച്ച ബ്ലെസിയെയുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരിക്കലും പുരസ്‌കാരങ്ങൾക്ക് വേണ്ടി മോഹിക്കാറില്ലെന്നും കിട്ടുമ്പോൾ സന്തോഷിച്ചാൽ മതിയല്ലോ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ സിനിമയും കഥാപാത്രവും ആയിരുന്നു ഇതെന്നും കൂട്ടിച്ചർത്തു.
അതേസമയം ദേശീയ ചലച്ചിത്ര അവാർഡുകൾ ഉടന്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാര്‍ഡ്. ചിത്രസംയോജനത്തിനും ആട്ടത്തിന് ദേശീയ അവാര്‍ഡുണ്ട്. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നേടിയപ്പോള്‍ മാളികപ്പുറത്തിലെ ശ്രീപദ് ബാല നടനും നടി നിത്യാ മേനോനുമാണ്.
