വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാല്‍ വഴിപാടായി ചോക്ലേറ്റുകള്‍ നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ സുബ്രഹ്മണ്യക്ഷേത്രമെന്നത് വിശ്വാസം. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠ.
ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച ദ്രവ്യങ്ങളില്‍ പ്രധാനി മഞ്ച് തന്നെ. ക്ഷേത്രത്തില്‍ കുട്ടികളെ തുലാഭാരം തൂക്കുന്നതും മഞ്ച് കൊണ്ട് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യയില്‍ മറ്റൊരു അമ്പലത്തിലും മഞ്ച് വഴിപാട് നല്‍കുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. ക്ഷേത്രത്തിനു സമീപത്തുള്ള കടകളില്‍ എല്ലാം തന്നെ മഞ്ച് തന്നെയാണ് പ്രധാന കച്ചവടം. ക്ഷേത്രത്തിലേക്കെത്തുന്ന ആളുകളുടെ കയ്യില്‍ എല്ലാം തന്നെ മഞ്ച് പായ്ക്കറ്റ് കാണാന്‍ കഴിയും.ക്ഷേത്ര പ്രതിഷ്ഠയായ മുരുകനെ മഞ്ച് മുരുകന്‍ എന്നാണ് അറിപ്പെടുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ തന്നെ പറയുന്നു.
അന്യ മതത്തില്‍പ്പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി. തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്‍കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നും പറപ്പെടുന്നു.
അതേസമയം ഒരു കുട്ടി പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് നേടാന്‍ വേണ്ടി നടത്തിയ മഞ്ച് വഴിപാട്, പിന്നീട് അതെ ആവശ്യത്തിന് മറ്റു കുട്ടികളും ചെയ്തു. തുടര്‍ന്ന് ആ വഴിപാടു അവരവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി മുതിര്‍ന്നവര്‍ ഏറ്റെടുക്കുകയും ചെയ്തു എന്നും പറയുന്നു.
ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, ജില്ലയിലെ അതിര്‍ത്തിവിട്ടും ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ടെന്ന് ക്ഷേത്രം ഭരണാധികാരികള്‍ അവകാശപ്പെടുന്നു. ചോക്ലേറ്റ് മാലയും ക്ഷേത്രത്തില്‍ പതിവാണ്. എ്ന്നാല്‍ മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമര്‍പ്പിക്കാറില്ല കൗതുകമുണര്‍ത്തുന്നു. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക.
വഴിപാടു സമര്‍പ്പിച്ച പലര്‍ക്കും ആഗ്രഹിച്ച കാര്യം അതെ പടി നടന്നു എന്നാണു ഇവിടുത്തെ പല അനുഭവങ്ങളും തെളിയിക്കുന്നത്. സ്ഥിരമായി പഴനി മുരുകനെ കാണാന്‍ പോയിരുന്ന ഇന്നാട്ടിലെ ഒരാള്‍ക്ക് വയസായി യാത്രകള്‍ ബുദ്ധിമുട്ടായപ്പോള്‍ ഇനിയെങ്ങനെ പഴനി മുരുകനെ കാണുമെന്നു ആലോചിച്ചു അയാള്‍ വ്യാകുലപ്പെട്ടു. അയാളുടെ സങ്കടം വര്‍ദ്ധിച്ച ഒരു നാളില്‍ ഒരിക്കല്‍ സ്വപ്‌നത്തില്‍ പഴനിമല മുരുകന്‍ സ്വപ്‌നത്തില്‍ വന്നു സ്വന്തം നാട്ടില്‍ ഒരു ക്ഷേത്രം പണിതാല്‍ അവിടെ വന്നിരിക്കാം എന്ന് പറഞ്ഞുവത്രേ.അങ്ങനെ അയാള്‍ക്ക് സന്തോഷമായി തുടര്‍ന്ന് മുരുക ക്ഷേത്രത്തിന്റെ പണിയും പെട്ടെന്ന് ആരംഭിച്ചു. ഇതാണ് തലവടി മുരുക ക്ഷേത്രത്തിന്റെ ചരിത്രമായി നാട്ടുകാര്‍ പറയുന്ന കഥ.എന്തായാലും സ്വിറ്റസര്‍ലാന്റ് ഉല്‍പ്പന്നമായ മഞ്ചിന് വന്‍ കച്ചവടമാണ് ക്ഷേത്ര പരിസരങ്ങളിലും മറ്റും. എന്തിനും ഏതിനും മഞ്ചാണിവിടെ പ്രധാനം.
