ഷിരൂരില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെതിച്ചത്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ ആദ്യം കിട്ടിയത്. ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.
ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തു. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. അതെടൊപ്പം വിതുമ്പലോടെയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്. അർജുൻ തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കുളള ഉത്തരം ഇപ്പോള്‍ ഉണ്ടായതെന്ന് ജിതിൻ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, മണ്ണിടിച്ചിൽ മേഖലയിൽ കുറച്ച് ദിവസത്തിന് മുൻപ് നടന്ന തെരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരിച്ചു. പശുവിന്‍റെ അസ്ഥിയാണ് പുഴയിൽ നിന്ന് കണ്ടെത്തിയതെന്ന് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.

 
                                            