നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി.അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു നടന്റെ ആവശ്യം. പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് കോടതി ചോദിച്ചു.
ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. നടിയുടെ പരാതിയില്‍ കോടതിയെ സഹായിക്കാനായി അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായും ഹൈക്കോടതി നിയമിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു.
മെമ്മറി കാര്‍ഡ് ചോര്‍ന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വം പരിശോധിച്ചിട്ടുണ്ടെന്നും അതില്‍ നടപടിയുണ്ടാകണമെന്നും അതിജീവിത വ്യക്തമാക്കി.
മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും കേസുകാരണം തന്റെ ജീവിതമാണ് നഷ്ടമായതെന്നും ദിലീപ് നേരത്തെ ആരോപിച്ചിരുന്നു.

 
                                            