പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നുവെന്ന് പഠനം. പലപ്പോഴും മരുന്നുകൾ പരീക്ഷിക്കുന്ന വോളണ്ടിയർമാരുടെ 60%ത്തിലധികം ഇന്ത്യക്കാർ ഉണ്ടാകാറുണ്ടെന്നാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി ഗവേഷകർ കണ്ടെത്തിയത്.
വിദേശ സംഘടനകൾ സാമ്പത്തിക സഹായം ചെയ്യുന്ന 424 മൾട്ടി നാഷണൽ ക്ലിനിക്കൽ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. ഇത് പ്രകാരം ആസ്മ, ബാക്ടീരിയൽ അണുബാധ, ക്യാൻസർ പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ പരീക്ഷിച്ചു നോക്കുന്നതിന് ഇരുപത്താറോളം സംഘടനകൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഇന്ത്യക്കാരെ ആണെന്നാണ് റിപ്പോർട്ട്. ബ്രസീൽ, റഷ്യ, മലേഷ്യ എന്നിങ്ങനെ ജനസംഖ്യ കൂടിയ രാജ്യങ്ങളിലെ സംഘടനകൾ പോലും മരുന്നു പരീക്ഷണത്തിന് ഇന്ത്യക്കാരെ തേടിവരുന്നു. ഈ രോഗങ്ങളൊന്നും കൂടുതലായും ബാധിക്കുന്നത് ഇന്ത്യക്കാരെയല്ല, എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയധികം ഇന്ത്യക്കാരെ മരുന്നുപരീക്ഷണ വിധേയരാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ നടത്തുന്ന എല്ലാ മരുന്നു പരീക്ഷണങ്ങൾക്കും ഗവൺമെന്റിന് കീഴിലുള്ള എത്തിക്സ് സമിതിയുടെ അംഗീകാരം ഉണ്ടായിരിക്കണം. മരുന്നു പരീക്ഷണത്തിനുള്ള അപേക്ഷകളെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധയാകാം ആഗോള കമ്പനികൾക്ക് ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്താനുള്ള വ്യഗ്രതയ്ക്ക് പിന്നിൽ. ഈ പ്രവണതയ്ക്കെതിരെ ഗവൺമെന്റ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് പുറത്തുവിട്ട ഗവേഷകർ നിർദ്ദേശിക്കുന്നുണ്ട്.
