എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഏറെ വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിന് ശേഷം ഭർത്താവ് എആർ റഹ്മാനുമായി പിരിയാൻ സൈറ ബാനു തീരുമാനിച്ചു.
പരസ്പരം അഗാധമായ സ്നേഹമുണ്ടെങ്കിലും പിരിമുറുക്കങ്ങളും പ്രശ്നങ്ങളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കിയെന്ന് ദമ്പതികൾ മനസിലാക്കുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. അടുത്തിടെയാണ് എആർ റഹ്മാന്റെ സഹോദരിയുടെ മകൻ നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും വിവാഹമോചിതരായത്.

 
                                            